രാഹുൽ ഗാന്ധിയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് വരുത്താൻ ശ്രമമെന്ന് ഉമ്മൻചാണ്ടി, പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സിറോ മലബാർ സഭ
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 2013ൽ യുഡിഎഫ് സർക്കാർ ജനവാസ മേഖലയെ ഒഴിവാക്കാൻ കേന്ദ്രത്തിന് പ്രൊപ്പോസൽ അയക്കാൻ തീരുമാനിച്ചിരുന്നതായി ഉമ്മൻചാണ്ടി പറഞ്ഞു. 2015ൽ നിർദേശം സമർപ്പിച്ചു. ഇതിന്മേൽ 2016 ൽ വിദഗ്‌ധ സമിതി വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടെങ്കിലും 2018 വരെ വിദഗ്‍ധ സമിതി ആവശ്യപ്പെട്ട രേഖകൾ പിണറായി സർക്കാർ നൽകിയില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. വസ്തുതകൾ ഇതായിരിക്കെയാണ് ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വരുത്താൻ ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെ സിറോ മലബാർ സഭ
ബഫർ സോൺ വിഷയത്തിൽ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ. പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം. പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തുമ്പോൾ എല്ലാം നോക്കാം എന്ന് പറയുകയല്ലാത്തെ മുഖ്യമന്ത്രി ഒന്നും നടത്തുന്നില്ലെന്ന് സഭ വക്താവ് ഡോക്ടർ ചാക്കോ കാളംപറമ്പിൽ കുറ്റപ്പെടുത്തി. പ്രശ്നം പരിഹരിക്കാത്ത സർക്കാറിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ഡോക്ടർ ചാക്കോ കാളം പറമ്പിൽ പറഞ്ഞു. ബഫർസോണിനെതിരെ കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ താമരശേരി രൂപതയ്ക്ക് കീഴിലെ വിവിധ സംഘടനകൾ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.