ആകെ കുറച്ച് ആളുകള്‍ അല്ലെ ഐഎന്‍എല്ലില്‍ ഉള്ളു, ആര് പാര്‍ട്ടിയിലേക്ക് വന്നാലും സന്തോഷം: പിഎംഎ സലാം

By Web Team  |  First Published Jun 2, 2024, 12:28 PM IST

അതേസമയം, അഹമ്മദ് ദേവർകോവിൽ ലീഗിലേക്ക് വരാൻ തയ്യാറായാൽ സ്വാഗതമെന്നും ഇക്കാര്യത്തിൽ വ്യക്തത വരട്ടെയെന്നും മുതിര്‍ന്ന ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു


മലപ്പുറം: മുസ്ലീം ലീഗ് നേതാക്കള്‍ അഹമ്മദ് ദേവര്‍കോവിലുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്താന സെക്രട്ടറി പിഎംഎ സലാം. ഐ എന്‍ എല്‍ നേതാവ് മുസ്ലീം ലീഗിലേക്ക് വരുന്നതിനായി അനൗദ്യോഗിക ചര്‍ച്ച നടന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പിഎംഎ സലാം. ആകെ കുറച്ചു ആളുകൾ അല്ലേ ഐ എൻ എല്ലിൽ ഉള്ളുവെന്നും ആരു പാർട്ടിയിലേക്ക് വന്നാലും സന്തോഷമെന്നും സലാം പറഞ്ഞു.  

എക്സിറ്റ് പോളിനോക്കെ 48മണിക്കൂർ ആയുസ്സല്ലേ ഉള്ളുവെന്നും എക്സിറ്റ് പോളുകൾ എല്ലാ കാലവും ഉണ്ടാകാറുണ്ടെന്നും ചിലത് ശരിയായിട്ടുണ്ടെന്നും ചിലത് തള്ളിപ്പോയിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. എക്സിറ്റ് പോളുകളിൽ കൂടുതൽ ചർച്ച നടത്തേണ്ട കാര്യം ഇല്ല. ബിജെപി അക്കൗണ്ട് തുറക്കില്ല എന്ന് തന്നെ ആണ് യുഡിഎഫ് വിലയിരുത്തലെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു. 

Latest Videos

കുവൈത്ത് കെ എം സി സിയിൽ ഉണ്ടായ ബഹളവുമായി ബന്ധപ്പെട്ട വിഷയത്തിലും  സലാം പ്രതികരിച്ചു. ഒരുപാട് ആളുകൾ ഉള്ള പാർട്ടി ആണ് ലീഗ്. അഭിപ്രായഭിന്നതാ ഉണ്ടാകും. കുവൈത്തിൽ പങ്കെടുത്ത യോഗത്തിൽ ബഹളം ഉണ്ടായി. പാര്‍ട്ടിക്ക് അച്ചടക്കം ആണ് പ്രധാനം. തെറ്റ് ചെയ്തവർക്കെതിരെ നടപടി ഉണ്ടാകും. രാജ്യ സഭാ സീറ്റിന്‍റെ കാര്യം പാണക്കാട് സാദിഖ് അലി തങ്ങൾ തീരുമാനിക്കും. പാർട്ടി അംഗീകാരം തനിക്ക് കിട്ടിയിട്ടുണ്ടെന്നും സലാം പറഞ്ഞു.

ദേവർകോവിൽ ലീഗിലേക്ക് വരുന്നുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടുവെന്നും അഹമ്മദ് ദേവർകോവിൽ വരാൻ തയ്യാറായാൽ സ്വാഗതമെന്നും മുതിര്‍ന്ന ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.ഇക്കാര്യത്തിൽ വ്യക്തത വരട്ടെ. ചർച്ച നടന്നതായി അറിയില്ല. കെഎം ഷാജി അത്തരമൊരു മുന്‍കൈ എടുത്തിട്ടുണ്ടെങ്കില്‍ സ്വാഗതാര്‍ഹമാണ്.ലീഗ് മതേതര ജനാധിപത്യ പാർട്ടിയാണ്. അതിന്‍റെ അടിത്തറ ശക്തിപ്പെടുത്തുന്ന ഏത് നീക്കുവും സ്വാഗതാർഹമാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. എക്സിറ്റ് പോൾ മാറിയും മറഞ്ഞും വരാം. യഥാർത്ഥ ഫലം വരട്ടെയെന്നും ബി ജെ പി അക്കൗണ്ട് തുറക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.


കേരളത്തിലേത് അഴിമതി ഇല്ലാത്ത നല്ല ഭരണം, ബിജെപി അക്കൗണ്ട് തുറക്കില്ല: മന്ത്രി പിഎ മുഹമ്മദ് റിയാസ്

 

click me!