തിരുവനന്തപുരത്തെ സോഫ്റ്റ്‌വെയർ എഞ്ചിനീയറിൽ നിന്നും തട്ടിയെടുത്ത ആറു കോടിയിൽ 18 ലക്ഷം രൂപ തിരിച്ചുപിടിച്ചതായി സൈബര്‍ പൊലീസ്. പരാതി നൽകാൻ വൈകിയതിനാൽ പണം ക്രിപ്റ്റോ കറന്‍സികളാക്കാൻ സമയം ലഭിച്ചു.
തിരുവനന്തപുരം:തിരുവനന്തപുരത്തെ സോഫ്റ്റ്‌വെയർ എഞ്ചിനീയറിൽ നിന്നും തട്ടിയെടുത്ത ആറു കോടിയിൽ 18 ലക്ഷം രൂപ തിരിച്ചുപിടിക്കാനായതായി സൈബർ പൊലീസ്. കേരളത്തിലെ പല ബാങ്കുകളിൽ നിന്നും തട്ടിപ്പ് പണം പിൻവലിച്ചിട്ടുണ്ട്. പരാതി നൽകാൻ വൈകിയതിനാൽ ഓണ്‍ ലൈൻ തട്ടിപ്പു വഴി നഷ്ടമായ പണം ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റാൻ തട്ടിപ്പ് സംഘത്തിന് സമയം ലഭിച്ചെന്നാണ് സൈബര്‍ പൊലീസ് പറയുന്നു.
ഓണ്‍ലൈൻ വഴിയുള്ള വ്യാജ ട്രേഡിംഗ് ആപ്പിൽ കുരുങ്ങിയാണ് പ്രവാസിയും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ പട്ടം സ്വദേശിക്ക് ആറു കോടി നഷ്ടമായത്. ഒരു മാസത്തിനുള്ളിൽ ആറ് അക്കൗണ്ടുകളിൽ നിന്നാണ് പണം തട്ടിയെടുത്തത്. സംഘം വൻ ഓഫറുകള്‍ നൽകിയും വലിയ ആസൂത്രണം നടത്തിയുമാണ് ഓരോ തവണയും തട്ടിപ്പ് നടത്തിയത്.
പണം നഷ്ടപ്പെട്ട വിവരം ഈ മാസം 17 ന് തിരിച്ചറിഞ്ഞെങ്കിലും പരാതി ഇന്നലെയാണ് പൊലീസിലേക്ക് എത്തുന്നത്. ഇതിനിടെ തട്ടിപ്പ് പണം 2000 അക്കൗണ്ടുകള്‍ വഴി കൈമാറി ക്രിപ്റ്റോ കറൻസികളിലേക്ക് മാറ്റിയിരുന്നു. 18 ലക്ഷം രൂപ മാത്രമാണ് ഇന്നലെ രാത്രി കൊണ്ട് മരവിപ്പിക്കാൻ കഴിഞ്ഞത്. കേരളത്തിലെ മൂന്നു ജില്ലകളിലും മറ്റ് പല സംസ്ഥാനങ്ങളിലും പണം കൈമാറിയ അക്കൗണ്ടുകളിൽ നിന്നും പൈസ് പിൻവലിച്ചിട്ടുണ്ട്.
ചെക്കും, എടിഎമ്മും ഉപയോഗിച്ചാണ് പണം പിൻവലിച്ചിരിക്കുന്നത്. ഓണ്‍ ലൈൻ തട്ടിപ്പ് പണം കൈമാറായി അക്കൗണ്ടുകള്‍ വാടകക്ക് എടുക്കുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇങ്ങനെ അക്കൗണ്ടുകള്‍ വഴി കൈമാറിയ പണമാണ് പിൻവലിച്ചതെന്നാണ് സംശയം. അല്ലെങ്കിൽ ഹവാല ഇടപാടുകള്‍ നടക്കാനുള്ള സാധ്യതയുമുണ്ട്. സൈബർ പൊലീസാണ് നിലവിൽ അന്വേഷണം നടത്തുന്നത്.