Omicron Kerala : വ്യാപനം സമ്പർക്കത്തിലൂടെ; കണ്ണൂരിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് വിദേശയാത്ര ചെയ്യാത്തയാൾക്ക്

By Web Team  |  First Published Dec 25, 2021, 9:07 PM IST

അയല്‍വാസിയായ വിദ്യാര്‍ത്ഥിയുടെ കൊവിഡ് സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍ ക്വാറന്‍റീനിലായിരുന്നു. ഒക്‌ടോബര്‍ ഒമ്പതിനാണ് കൊവിഡ് പോസിറ്റീവായത്. തുടര്‍ന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്


കണ്ണൂർ: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഒമിക്രോൺ  (Omicron) വ്യാപനം. കണ്ണൂരിൽ ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത് വിദേശയാത്രാ പശ്ചാത്തലമില്ലാത്ത 51കാരനിലാണ്. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം കൊവിഡ് ബാധിച്ച വിദ്യാർത്ഥിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്നു. ക്വാറന്‍റീനിലായിരിക്കെ നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥീരികരിച്ചത്. സെന്റിനൽ സർവേയിലൂടെ ഒമിക്രോൺ കണ്ടെത്തിയതോടെ, സമ്പർക്കത്തിലൂടെയുള്ള വ്യാപനത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

സെന്‍റിനല്‍ സര്‍വയന്‍സിന്‍റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ്  51 കാരന്‍ ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. അയല്‍വാസിയായ വിദ്യാര്‍ത്ഥിയുടെ കൊവിഡ് സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍ ക്വാറന്‍റീനിലായിരുന്നു. ഒക്‌ടോബര്‍ ഒമ്പതിനാണ് കൊവിഡ് പോസിറ്റീവായത്. തുടര്‍ന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. പിതാവ് മാത്രമാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. സംസ്ഥാനത്തെ മൊത്തം ഒമിക്രോൺ കേസുകൾ 38 ആയി. അതിനിടെ മലപ്പുറത്ത് ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്തു.

Latest Videos

undefined

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; മൊത്തം കേസുകൾ 38, ഒരാൾക്ക് ഭേദമായി

അതേസമയം ഇന്ന് സംസ്ഥാനത്ത് 2407 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട് 67, കാസര്‍ഗോഡ് 52, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 2407 പേർക്ക് കൊവിഡ്; അഞ്ച് ജില്ലകളിൽ 100 ൽ താഴെ രോഗികൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 44,754 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,24,904 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,21,046 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3858 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 163 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 24,501 കോവിഡ് കേസുകളില്‍, 9.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 104 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,318 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 116 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3377 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 792, കൊല്ലം 184, പത്തനംതിട്ട 170, ആലപ്പുഴ 68, കോട്ടയം 260, ഇടുക്കി 142, എറണാകുളം 662, തൃശൂര്‍ 183, പാലക്കാട് 48, മലപ്പുറം 117, കോഴിക്കോട് 370, വയനാട് 96, കണ്ണൂര്‍ 227, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 24,501 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,61,800 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

click me!