കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച‍ സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു

By Web Team  |  First Published Jul 13, 2020, 3:06 PM IST

ഏറെക്കാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്ന ഇവര്‍ ഇന്നലെയാണ് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. ഇവരുടെ ഭർത്താവിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 


കണ്ണൂര്‍: പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുന്നോത്തുപറമ്പ് മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഹജ്ജുമ്മ(63)ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറെക്കാലമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്ന ഇവര്‍ ഇന്നലെയാണ് പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. ഇവരുടെ ഭർത്താവിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് പാനൂരിലും, കോഴിക്കോടും നടന്ന  ചില ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിൻ്റെ ആരോഗ്യനിലയും ഗുരുതരമാണ്. 

അതേസമയം വിദേശത്ത് നിന്നെത്തി തിരൂരിലെ സർക്കാർ ക്വാറന്‍റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയവേ കുഴഞ്ഞു വീണ് മരിച്ച തിരൂർ അന്നാര സ്വദേശി താണിക്കാട്ട് അൻവറിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. യുഎഇയിൽ നിന്നെത്തിയ ഇയാൾ കഴിഞ്ഞ പത്ത് ദിവസമായി തിരൂരിലെ ക്വാറന്‍റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. അതേ സമയം തലസ്ഥാനത്ത് രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആര്യനാട് സ്വദേശികളായ പൊലീസുകാരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. കന്‍റോൺമെന്‍റ്, ഫോർട്ട് സ്റ്റേഷനുകളിലെ പൊലീസുകാരായ ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. 

Latest Videos

 

click me!