ഒരിന്ത്യ, ഒരു തെരഞ്ഞെടുപ്പ്: അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാതെ മുസ്ലിം ലീ​ഗും കേരള കോൺ​ഗ്രസും ആർഎസ്പിയും

By Web Team  |  First Published Sep 19, 2024, 9:27 PM IST

പ്രാദേശിക പാർട്ടികളിൽ ഡിഎംകെ, സിപിഐ എന്നീ പാർട്ടികളും നിർദേശത്തെ എതിർത്തു. എന്നാൽ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീ​ഗ്, കേരള കോൺ​ഗ്രസ് (എം), ആർഎസ്പി എന്നിവർ പ്രതികരിച്ചില്ല. എൻസിപിയും പ്രതികരിച്ചിട്ടില്ല


തിരുവനന്തപുരം: ഒരിന്ത്യ, ഒരു തെരഞ്ഞെടുപ്പ് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോ​ഗിച്ച രാംനാഥ് കോവിന്ദ് കമ്മീഷന്റെ ചോദ്യത്തോട് പ്രതികരിക്കാതെ കേരളത്തിലെ പ്രധാന പാർട്ടികളായ മുസ്ലിം ലീ​ഗ്, കേരള കോൺ​ഗ്രസ് (എം) രാഷ്ട്രീയ പാർട്ടികൾ. രാജ്യത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളോടും കമ്മീഷൻ പ്രതികരണം തേടി. ഇതിൽ 32 പാർട്ടികൾ ഒരിന്ത്യ, ഒരു തെരഞ്ഞെടുപ്പ് ആശയത്തെ അനുകൂലിച്ചപ്പോൾ 15 പാർട്ടികൾ എതിർത്തു. 15 പാർട്ടികൾ പ്രതികരിച്ചില്ല. ദേശീയ പാർട്ടികളിൽ കോൺ​ഗ്രസ്, സിപിഎം, ബിഎസ്പി, എസ്പി, എഎപി പാർട്ടികൾ ആശയത്തെ എതിർത്തപ്പോൾ ബിജെപിയും എൻപിപിയും മാത്രമാണ് അനുകൂലിച്ചത്.

പ്രാദേശിക പാർട്ടികളിൽ ഡിഎംകെ, സിപിഐ എന്നീ പാർട്ടികളും നിർദേശത്തെ എതിർത്തു. എന്നാൽ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീ​ഗ്, കേരള കോൺ​ഗ്രസ് (എം), ആർഎസ്പി എന്നിവർ പ്രതികരിച്ചില്ല. എൻസിപിയും പ്രതികരിച്ചിട്ടില്ല. അതേസമയം, ബിജെപിയുടെ പ്രധാന ഘടക കക്ഷിയായ ടിഡിപിയും പ്രതികരണമറിയിച്ചിട്ടില്ല. അണ്ണാഡിഎംകെ അനുകൂല നിലപാടാണ് അറിയിച്ചത്. 

Latest Videos

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അപ്രായോഗികമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമമാണ് ഇതെന്നും നടപ്പാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനത്തോടായിരുന്നു ഖർഗെയുടെ പ്രതികരണം.  

തീരുമാനത്തെ എതിർത്ത് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസകും രംഗത്ത് വന്നു. മന്ത്രിസഭ അംഗീകരിച്ചാലും ഭരണഘടനാ ഭേദഗതിക്ക് വേണ്ട ഭൂരിപക്ഷം എൻഡ‍ിഎക്ക് ഇപ്പോഴില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയും ജെഡിയുവുമല്ലാതെ കക്ഷികൾ ഇത് അംഗീകരിക്കുന്നില്ല. സംസ്ഥാനങ്ങളിലെ കാബിനറ്റ് സമ്പ്രദായം ഇല്ലാതാക്കുന്നതാണ് തീരുമാനം. ഒരു സംസ്ഥാനത്ത് ആർക്കും ഭൂരിപക്ഷം ഇല്ലാതെ വന്നാൽ ഉപതെര‌ഞ്ഞെടുപ്പ് നടത്താതെ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. സംസ്ഥാന മന്ത്രിസഭകളെ കേന്ദ്രത്തിൻ്റെ ദയാദാക്ഷീണ്യത്തിന് വിധേയരാക്കുന്നതിനുള്ള ഈ നീക്കം പ്രാദേശിക പാർട്ടികളെ അപ്രസക്തമാക്കുന്നതാണെന്നും തോമസ് ഐസക് വിമർശിച്ചു.

click me!