എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് ഓംബുഡ്‌സ്മാന്‍ ഉത്തരവ്
ഊര്‍ങ്ങാട്ടിരി: പി.വി അന്‍വര്‍ എം.എല്‍.എയുടെ (PV Anvar MLA) ഭാര്യാപിതാവിന്റെ റോപ് വെ (RopeWay) പൊളിച്ചില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് ഓംബുഡ്‌സ്മാന്‍ ഉത്തരവ് (ombudsman Order). റസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലി വിവാദതടയണക്ക് കുറുകെ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ പിഴ ചുമത്തുമെന്നാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടത്.
അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ ജനുവരി 25ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ ഉത്തരവ് നല്‍കി. അനധികൃതനിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യാനാണ് സെപ്തംബര്‍ 22ന് ഓംബുഡ്‌സ്മാന്‍ ഉത്തരവ് നല്‍കിയത്.
എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് പിഴ ചുമത്തുമെന്ന മുന്നറിയിപ്പ്. ഓംബുഡ്‌സ്മാന്‍ ഉത്തരവ് ലഭിക്കാന്‍ കാലതാമസമുണ്ടായെന്നും സി.കെ അബ്ദുല്‍ലത്തീഫിന് അയച്ച രണ്ടു നോട്ടീസും മേല്‍വിലാസക്കാരനില്ലെന്നു പറഞ്ഞ് മടങ്ങിയെന്നും മൂന്നാമത്തെ നോട്ടീസ് ഇക്കഴിഞ്ഞ 26ന് കൈപ്പറ്റിയെന്നും സെക്രട്ടറി അറിയിച്ചു.