ഒലിവ് റിഡ്‍ലി കൊല്ലത്ത്, കുഴികുത്തി മുട്ടയിട്ട് കടലിലേക്ക്; 112 മുട്ടകൾ സംരക്ഷിക്കാൻ പാഞ്ഞെത്തി വനംവകുപ്പുകാർ

By Web TeamFirst Published Feb 29, 2024, 11:27 AM IST
Highlights

കടലിന്‍റെ ആവാസ വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒലിവ് റിഡ്ലി ഇനത്തിലെ ആമയാണ് ബീച്ചിന്‍റെ ഒത്ത നടുക്ക് മുട്ടയിട്ട് മടങ്ങിയത്.

കൊല്ലം: തിരക്കേറിയ കൊല്ലം ബീച്ചിൽ ആദ്യമായി മുട്ടയിട്ട് കടലാമ. മുട്ട വിരിയാൻ വനം വകുപ്പ് സംരക്ഷണം ഒരുക്കി. കടലിന്‍റെ ആവാസ വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒലിവ് റിഡ്ലി ഇനത്തിലെ ആമയാണ് ബീച്ചിന്‍റെ ഒത്ത നടുക്ക് മുട്ടയിട്ട് മടങ്ങിയത്.

സഞ്ചാരികളുടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ കരയിലെത്തിയ കടലാമ. മണല്‍ മാറ്റി കുഴികുത്തി ഒരു മണിക്കൂർ സമയമെടുത്ത് മുട്ടയിട്ട് കടലിലേക്ക് മടക്കം. ബീച്ചിലെ തെരുവുനായ ശല്യം മുട്ടയ്ക്ക് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ സഞ്ചാരി പൊലീസിനേയും വനം വകുപ്പിനേയും വിവരമറിയിച്ചു. 

Latest Videos

അർദ്ധരാത്രിയോടടുത്ത സമയമായിട്ടും പാഞ്ഞെത്തിയ ഉദ്യോഗസ്ഥർ മണൽ മാറ്റി 112 മുട്ടകൾ വീണ്ടെടുത്ത് ബക്കറ്റിൽ പ്രത്യേകം തയ്യാറാക്കിയ മണലിലേക്ക് മാറ്റി. കടലോരത്ത് തന്നെ മുട്ടകൾക്ക് സംരക്ഷണവും ഏർപ്പെടുത്തി. ഇനി മുട്ട വിരിയാനുള്ള 45 ദിവസത്തെ കാത്തിരിപ്പ്. മുട്ടവിരിഞ്ഞാൽ ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് അയക്കും.
 

click me!