നാടിനെ മരുഭൂമിയാക്കുന്ന പദ്ധതി, സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണോ? പാലക്കാട് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോൺഗ്രസ്

By Web Team  |  First Published Jul 30, 2022, 6:44 PM IST

ചിറ്റൂർ മണ്ഡലത്തിൽ പൂർണമായും നെന്മാറ മണ്ഡലത്തിൽ നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള ഏഴു പഞ്ചായത്തുകളിലും രാവിലെ ആറ് മുതൽ വൈകീട്ട് ഏഴു വരെയാണ് ഹർത്താൽ. 


ചിറ്റൂർ: കേരളത്തെ  മരുഭൂമിയാക്കുന്ന ഒട്ടൻ ഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ചിറ്റൂർ - നെന്മാറ നിയമസഭ മണ്ഡലങ്ങളിൽ കോൺഗ്രസ്  ഹർത്താൽ നടത്തുമെന്ന് ഡിസിസി വൈസ് പ്രസിഡന്‍റ്  സുമേഷ് അച്യുതൻ അറിയിച്ചു. ചിറ്റൂർ മണ്ഡലത്തിൽ പൂർണമായും നെന്മാറ മണ്ഡലത്തിൽ നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള ഏഴു പഞ്ചായത്തുകളിലും രാവിലെ ആറ് മുതൽ വൈകീട്ട് ഏഴു വരെയാണ് ഹർത്താൽ. 

പദ്ധതി നടപ്പായാൽ ചിറ്റൂർ താലൂക്കിലെ  മൂലത്തറ, കമ്പാലത്തറ, മീങ്കര , ചുള്ളിയാർ അണകളിലേക്ക് വെള്ളം ലഭിക്കാതെ വരും. കേരളത്തിനു കൂടി അവകാശപ്പെട്ട വെള്ളമുള്ള ആളിയാർ ഡാമിൽ നിന്നു 120 കിലോമീറ്റർ  അകലെയുള്ള ഒട്ടൻ ഛത്രത്തിലേക്ക് തമിഴ്നാട് വെള്ളം കടത്താൻ ശ്രമിക്കുന്നതിനെതിരെയാണ് ഹർത്താൽ. വലിയ പൈപ്പുകളിട്ട് തമിഴ്നാട്ടിലെ ദിണ്ടിക്കൽ - തിരുപ്പൂർ ജില്ലകളിലെ ഒട്ടൻ ഛത്രം നഗരസഭ, കീരന്നൂർ, നെയ്ക്കാരൻപ്പട്ടി ടൗൺ പഞ്ചായത്തുകൾ  528 ഗ്രാമങ്ങൾ എന്നിവയിലേക്ക് കുടിവെള്ളമെത്തിക്കുന്നതാണ് ഒട്ടൻഛത്രം പദ്ധതി.

Latest Videos

കേന്ദ്ര സർക്കാരിന്‍റെ അമൃത് - ജലജീവൻ  പദ്ധതികളിൽ നിന്നും  930 കോടി രൂപ ചെലവഴിക്കാനുള്ള ഭരണാനുമതി മന്ത്രിസഭ  നൽകുകയും ഇതിനായി ടെന്‍ഡര്‍ നടപടി തുടങ്ങുകയും ചെയ്തിരിക്കുകയാണ്. ഈ പദ്ധതി നടപ്പിലായാൽ പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ ഭാരതപ്പുഴയുടെ തീരങ്ങൾ മരുഭൂമിയ്ക്ക് സമാനമാകും. ചിറ്റൂർ താലൂക്കിലെ ജനങ്ങള്‍ക്ക്  കൃഷി നടത്താനോ  കുടിക്കാനോ വെള്ളമില്ലാതെ ബുദ്ധിമുട്ടും.

ആവിക്കൽ മാലിന്യപ്ലാന്‍റ് വിഷയം ചർച്ച ചെയ്യാൻ എംഎല്‍എ വിളിച്ച ജനസഭയിൽ സംഘർഷം; ഒരു സ്ത്രീക്ക് പരിക്കേറ്റു

സ്ഥിതി ഇത്രയ്ക്ക് ഗുരുതരമായിട്ടും കേരള സർക്കാർ ഈ വിഷയത്തെ ഗൗരവമായി കാണുന്നില്ല. അന്തർ സംസ്ഥാന ജല കരാറിന്‍റെ ചുമതലയുള്ള  മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ ഗുരുതരമായ മൗനം തുടരുകയാണ്. 2016ലും 2021ലും  എൽഡിഎഫ് സർക്കാർ വന്നതിനു ശേഷം ജല വിഷയത്തിൽ കരാർ ലംഘനവും തമിഴ്നാടിന്‍റെ ആധിപത്യവും തടയാൻ കേരളത്തിന് കഴിയുന്നില്ല. ഈ കഴിവുകേട് മുതലെടുത്താണ് തമിഴ്നാട് ഓരോ ചുവടും വെക്കുന്നത്.

ഒട്ടൻഛത്രത്തു നിന്ന് ആളിയാറിനെക്കാൾ ആടുത്തുള്ള തമിഴ്നാടിന് പൂർണ നിയന്ത്രണമുളള  തിരുമൂർത്തി, അമരാവതി തുടങ്ങിയ നിരവധി  ഡാമുകളിൽ  നിന്ന്  വെള്ളം കൊണ്ടുപോകാതെ  കേരളത്തിനു അവകാശപ്പെട്ട ആളിയാർ  വെള്ളം കൊണ്ടു പോകുന്നത് നമ്മുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ചാണ്. പിഎപി കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ട 7.25 ടിഎംസി വെള്ളം പോലും നേടിയെടുക്കാൻ കഴിയാത്ത പിണറായി സർക്കാർ ഭാരതപ്പുഴ നദീതടത്തെ മരുഭൂമിയാക്കാൻ  കൂട്ടുനിൽക്കുകയാണ്.

ഒരു നദീതട പ്രദേശത്തു നിന്ന് മറ്റൊരു നദീതട പ്രദേശത്തേക്ക് വെള്ളം നൽകരുതെന്ന ഉത്തരവ് മറികടന്നാണ് തമിഴ്നാടിന്‍റെ നീക്കം. കാവേരി നദീതട പ്രദേശമായ ഒട്ടൻ ഛത്രത്തിലേക്ക് ഭാരതപ്പുഴ നദിയുടെ ഭാഗമായ  ആളിയാർ ഡാമിൽ നിന്ന് വെള്ളം കൊണ്ടു പോകുമ്പോൾ നമ്മൾ കൈയും കെട്ടി സമ്മതം നൽകണോയെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. കാവേരി നദീതട തർക്ക കേസിൽ തമിഴ്നാടിന് ലഭിക്കുന്ന 404 ടിഎംസി വെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ച് ഭാരതപ്പുഴയിൽ നിന്നു കുടിവെള്ളമെന്ന പേരിൽ നടത്താൻ ഒരുങ്ങുന്ന  ജലക്കൊള്ള അനുവദിക്കാൻ കഴിയില്ല.

പ്രളയവും അതിശക്തമായ മഴയും ലഭിച്ചതുകൊണ്ടു മാത്രം ഏതാനും വർഷങ്ങളായി രൂക്ഷമായ  ജലക്ഷാമം നേരിടാത്ത സ്ഥലങ്ങളാണ് ചിറ്റൂർ - നെന്മാറ മണ്ഡലങ്ങൾ. ഈ മേഖലകളെ വിള  നാശത്തിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കും തള്ളിവിടുന്ന ഒട്ടൻ ഛത്രം പൈപ്പ് ലൈൻ പദ്ധതി വിഷയത്തിൽ കേരള സർക്കാർ കാണിക്കുന്ന  തമിഴ്നാട് പക്ഷപാതിത്വം ഉപേക്ഷിക്കണമെന്നും ഭാരതപ്പുഴയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്  ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ  ഏകദിന ഉപവാസ സമരവും തമിഴ്നാട് അതിർത്തിയിലെ  ഗോപാലപുരത്ത് ധർണയും നടത്തിയിരുന്നു. എന്നിട്ടും ജല ചൂഷണത്തിന് കൂട്ടു നിൽക്കുന്ന എൽഡിഎഫ് സർക്കാരിന്‍റെ  കണ്ണ് തുറക്കുന്നില്ല.  ഇതൊരു അനിവാര്യ സമരമാണെന്നും സുമേഷ് അച്യുതൻ പറഞ്ഞു.

click me!