15 ദിവസത്തിനകം റോപ്‍വെ പൊളിച്ചു നീക്കണമെന്നാവശ്യപെട്ട് മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയാണ് പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന് നോട്ടീസ് നല്‍കിയത്.
മലപ്പുറം: പി വി അന്‍വര്‍ (P V Anvar) എംഎല്‍എയുടെ ഭാര്യാപിതാവ് ചീങ്കണിപ്പാലിയിലെ തടയണക്ക് (check dam) കുറുകെ അനധികൃതമായി നിര്‍മ്മിച്ച റോപ്‍വെ പൊളിച്ചു നീക്കണമെന്ന് ഉത്തരവ്. 15 ദിവസത്തിനകം റോപ്‍വെ പൊളിച്ചു നീക്കണമെന്നാവശ്യപെട്ട് മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയാണ് പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന് നോട്ടീസ് നല്‍കിയത്.
അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30തിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന ഓംബുഡ്സ്മാന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നടപടി. സമയ പരിധിക്കുള്ളില്‍ പൊലിച്ചു നീക്കിയില്ലെങ്കില്‍ പഞ്ചായത്ത് ചിലവില്‍ പൊളിച്ചു നീക്കുമെന്നും ഈ തുക ഉടമയില്‍ നിന്ന് ഈടാക്കുമെന്നും ഉത്തരവിലുണ്ട്. റോപ്‍വെ പൊളിച്ചു നീക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് നിലമ്പൂര്‍ സ്വദേശി എം പി വിനോദ് നേരത്തെ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വിനോദ് പഞ്ചായത്ത് ഓംബുഡ്സ്മാനെ സമീപിച്ചത്.
കരാര്‍ പ്രകാരം സ്വന്തമാക്കിയ സ്ഥലത്ത് മലയിടിച്ച് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട കാട്ടരുവിയില്‍ തടയണകെട്ടിയത് പി വി അന്‍വറാണെന്നും പിന്നീട് തടയണ നില്‍ക്കുന്ന സ്ഥലം ഭാര്യാപിതാവിന്‍റെ പേരിലേക്ക് മാറ്റിയെന്നുമാണ് വിനോദിന്‍റെ പരാതി. നിയമവിരുദ്ധമായി കാട്ടരുവിയില്‍ കെട്ടിയ തടയണ താഴ്‌വാരത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും പരാതിയിൽ പറഞ്ഞിരുന്നു.