മുനമ്പം വിഷയത്തിനുള്ള പരിഹാരം വഖഫ് ബില്ലിൽ ഇല്ല, പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരും വഖഫ് ബോർഡും: വി ഡി സതീശൻ

Published : Apr 03, 2025, 03:54 PM IST
മുനമ്പം വിഷയത്തിനുള്ള പരിഹാരം വഖഫ് ബില്ലിൽ ഇല്ല, പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരും വഖഫ് ബോർഡും: വി ഡി സതീശൻ

Synopsis

വഖഫ് ബില്ലിനെ മുനമ്പവുമായി കൂട്ടിയിണക്കി രണ്ട് മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാൻ ശ്രമം നടക്കുന്നു. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്‍റേതെന്ന് വി ഡി സതീശൻ.

കൊച്ചി: ഒരു മതവിഭാഗത്തിന്‍റെ അവകാശങ്ങള്‍ ഹനിക്കുന്നതിനും അവരെ ദ്രോഹിക്കുന്നതിനും വേണ്ടിയുള്ള സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണ് വഖഫ് ബില്‍ ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നതില്‍ ഒരു സംശയവും വേണ്ട. ഇവിടെ ചിലര്‍ മുനമ്പം വിഷയത്തെയും വഖഫ് ബില്ലിനെയും കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു. മുന്‍കാല പ്രാബല്യമില്ലെന്ന് കേന്ദ്ര മന്ത്രി തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പാസാക്കുന്ന വഖഫ് ബില്‍ എങ്ങനെയാണ് മുനമ്പത്തെ ജനങ്ങളെ സഹായിക്കുന്നതെന്നു കൂടി ഈ പ്രചാരണം നടത്തുന്നവര്‍ വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. 

മുനമ്പത്തെ വിഷയം സംസ്ഥാനത്ത് തന്നെ പരിഹരിക്കാവുന്നതേയുള്ളൂവെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരും അവര്‍ നിയമിച്ച വഖഫ് ബോര്‍ഡും തീരുമാനിച്ചാല്‍ പരിഹാരമുണ്ടാക്കാന്‍ കഴിയും. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാടാണ് തുടക്കം മുതല്‍ക്കെ യുഡിഎഫ് സ്വീകരിച്ചത്. പണം വാങ്ങിയാണ് ഫറൂഖ് കോളജ് ഭൂമി നല്‍കിയത്. വഖഫ് ഒരിക്കലും കണ്ടീഷണലാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ബില്‍ പാസായെന്നു കരുതി മുനമ്പത്തെ വിഷയം പരിഹരിക്കാനാകില്ലെന്നും വി ഡി സതീശൻ പറഞ്ഞു. വഖഫ് ബില്ലിനെ മുനമ്പവുമായി കൂട്ടിയിണക്കി രണ്ട് മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാൻ ശ്രമം നടക്കുന്നു. അതിന് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചു കൊടുക്കാന്‍ പാടില്ല. അതാണ് സംസ്ഥാന സര്‍ക്കാരിനോടുള്ള എതിര്‍പ്പ്. രണ്ട് ന്യൂനപക്ഷ മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് സംഘര്‍ഷമുണ്ടാക്കുക എന്നതാണ് സംഘ്പരിവാറിന്റെ അജണ്ട. പാണക്കാട് തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മലപ്പുറത്ത് നിന്നും എറണാകുളത്തെ രൂപതാ ആസ്ഥാനത്ത് വന്ന് മുനമ്പത്തെ ജനങ്ങളെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതു തന്നെയാണ് യുഡിഎഫ് നിലപാട്. ദേശീയതലത്തിലും നേരത്തെ സ്വീകരിച്ച നിലപാട് അനുസരിച്ചുള്ള വിപ്പാണ് കോണ്‍ഗ്രസ് നേതൃത്വം എംപിമാര്‍ക്ക് നല്‍കിയതെന്നും വി ഡി സതീശൻ പറഞ്ഞു. 

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. വഖഫ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഇടപെട്ട് മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ ഭൂമിയില്‍ സ്ഥിരമായ അവകാശം നല്‍കണം. അതു ചെയ്യാതെയാണ് കമ്മിഷനെ നിയോഗിച്ചത്. കോടതിക്ക് പുറത്തുവച്ചു തന്നെ മുമ്പത്തെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനാകും. എന്തിനാണ് മുനമ്പം വിഷയത്തെയും വഖഫ് ബില്ലിനെയും കൂട്ടിക്കുഴയ്ക്കുന്നത്? മുനമ്പം വിഷയം ഇവിടെ പരിഹരിക്കാനാകും. സമരക്കാരുമായി നേരിട്ട് തന്നെ യുഡിഎഫ് നേതാക്കൾ സംസാരിച്ചിട്ടുണ്ട്. മുനമ്പം നിവസികള്‍ക്ക് അവരുടെ ഭൂമിയില്‍ സ്ഥിരമായ അവകാശം നല്‍കണമെന്നതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടെന്ന് വി ഡി സതീശൻ പറഞ്ഞു. 

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിലപാട് പ്രതിപക്ഷ നേതാവെന്ന നിലയില്‍ താനാണ് ആദ്യമായി സ്വീകരിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞു. ഇതിന് മുന്‍പുള്ള ഹൈക്കോടതി വിധി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ആ നിലപാട് സ്വീകരിച്ചത്. വി എസ് അച്യുതാനന്ദന്റെ കാലത്ത് നിയോഗിച്ച നിസാര്‍ കമ്മിഷനാണ് ഈ ഭൂമി ആദ്യമായി വഖഫ് ആണെന്നു പറഞ്ഞത്. വഖഫ് എന്നാല്‍ ദൈവത്തിന് സമര്‍പ്പിക്കുന്നതാണ്. വഖഫ് പെര്‍മനന്റ് ഡെഡിക്കേഷനാണ്. ആളുകള്‍ താമസിക്കുന്ന ഭൂമി വഖഫ് ആക്കാന്‍ പറ്റില്ല. ഫറൂഖ് കോളജും ഈ ഭൂമി വഖഫ് അല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ദാനം കിട്ടിയ ഭൂമി ആയതു കൊണ്ടാണ് അവര്‍ പണം വാങ്ങി വിറ്റത്. ഇതൊക്കെ സര്‍ക്കാരിനും അറിയാം. എന്നിട്ടാണ് കേരള സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡ് മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന നിലപാട് സ്വീകരിച്ചത്. സംഘ്പരിവാര്‍ പോലുള്ള ദുഷിച്ച ചിന്ത കേരളത്തിലെ സിപിഎം നേതാക്കള്‍ക്ക് ഇടയിലുമുണ്ട്. വൈകിപ്പിച്ച് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി എന്തെങ്കിലും ലാഭം കിട്ടുമോയന്നാണ് സിപിഎം നോക്കുന്നത്. ഒരാള്‍ക്കും ഒരു ലാഭവും കിട്ടാന്‍ പോകുന്നില്ല. കേരളം മതേതരമാണെന്ന് ജനങ്ങള്‍ തെളിയിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. 

ബി.ജെ.പി കൊണ്ടുവന്ന ബില്ലില്‍ മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാനുള്ള വകുപ്പൊന്നുമില്ല. മുന്‍കാല പ്രാബല്യം ഇല്ലെന്ന് കേന്ദ്ര മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മുനമ്പം സന്ദര്‍ശിക്കുന്നത് അവരുടെ ഇഷ്ടമാണ്. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ലത്തീന്‍ സമുദായവുമായി ബന്ധപ്പെട്ടവരാണ് മുനമ്പത്ത് സമരം ചെയ്യുന്നത്. ഇപ്പോള്‍ ഇതൊക്കെ പറയുന്നവര്‍ 140 ദിവസം അവര്‍ വിഴിഞ്ഞത്ത് സമരം ചെയ്തപ്പോള്‍ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. അവിടെ ഒന്നാമത്തെ ദിനം മുതല്‍ നൂറ്റിനാല്‍പതാമത്തെ ദിനം വരെ യുഡിഎഫ് വിഴിഞ്ഞത്തെ സമരത്തിനൊപ്പമുണ്ടായിരുന്നു. അന്ന് യുഡിഎഫ് അദാനിക്കൊപ്പമല്ലായിരുന്നു. മുനമ്പത്തെ വിഷയം പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോയി സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചു കൊടുക്കുകയാണ്. തെരഞ്ഞെടുപ്പായതു കൊണ്ട് ഇതില്‍ നിന്നും വല്ലതും കിട്ടുമോയെന്നാണ് നോക്കുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

വഖഫ് ബില്ലിൽ രാജ്യസഭയിൽ ചർച്ച പുരോഗമിക്കുന്നു; മുനമ്പം പരാമർശിച്ച് കിരൺ റിജിജു, ഉമീദ് ബിൽ എന്ന് അറിയപ്പെടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്; പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം, വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം
ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'