വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ല; സർക്കാർ ഹൈക്കോടതിയിൽ

By Web Team  |  First Published Dec 2, 2022, 12:24 PM IST

കോടതിയുത്തരവുണ്ടായിട്ടും വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം നൽകുന്നത് പ്രതിഷേധക്കാർക്കാണെന്നും തങ്ങൾക്ക് അല്ലെന്നും അദാനി പോർട്ട്സ് കോടതിയിൽ വാദിച്ചു. പൊലീസ് സംരക്ഷണമൊരുക്കണമെന്ന കോടതിയുത്തരവിന്‍റെ ലംഘനമാണിതെന്നും അദാനി ഗ്രൂപ്പ് നിലപാടെടുത്തു.


കൊച്ചി : വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇതോടെ വിഷയത്തിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം തടസപ്പെടുന്നുവെന്നും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാനത്തിൽ നിന്നും സുരക്ഷ ലഭിക്കുന്നില്ലെന്നും അതിനാൽ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും കാണിച്ച് അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

കോടതിയുത്തരവുണ്ടായിട്ടും വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം നൽകുന്നത് തങ്ങൾക്കല്ലെന്നും പ്രതിഷേധക്കാർക്കാണെന്നും അദാനി പോർട്ട്സ് കോടതിയിൽ വാദിച്ചു. പൊലീസ് സംരക്ഷണമൊരുക്കണമെന്ന കോടതിയുത്തരവിന്‍റെ ലംഘനമാണിതെന്നും അദാനി ഗ്രൂപ്പ് നിലപാടെടുത്തു. 

Latest Videos

undefined

ഇതോടെ വിഴിഞ്ഞത്ത് പ്രശ്നമുണ്ടാക്കിയവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു.  മറുപടി നൽകിയ സർക്കാർ, വിഴിഞ്ഞത്ത് സംഘർഷം ഒഴിവാക്കാൻ വെടിവെപ്പ് ഒഴികെ എല്ലാ നടപടികളും സ്വീകരിച്ചെന്ന് കോടതിയെ അറിയിച്ചു. ബിഷപ്പ് അടക്കമുള്ള വൈദികരെയും പ്രതിയാക്കി കേസെടുത്തു. 5 പേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തിന്റെ അന്വേഷണ ചുമതല ആർ നിശാന്തിനിക്ക് നൽകിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

വിഴിഞ്ഞം സംഘർഷം: ആരോപണങ്ങൾക്ക് സഹോദരൻ മറുപടി പറഞ്ഞിട്ടുണ്ട്,തന്നെ ഉൾപ്പെടുത്താൽ ബോധപൂർവ ശ്രമം- ആന്‍റണി രാജു

എന്നാൽ ഇപ്പോഴും പദ്ധതി പ്രദേശത്തേക്ക് സാധനങ്ങളെത്തിക്കാൻ കഴിയുന്നില്ലെന്നും വൈദികരടക്കം പല പ്രതികളും ഇപ്പോഴും സമരപ്പന്തലിലുണ്ടെന്നും അദാനി പോർട്ട് കോടതിയെ അറിയിച്ചു. ഇതോടെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും കഴിയുന്നില്ലേയെന്ന ചോദ്യം കോടതി സർക്കാരിനോട് ചോദിച്ചു. 

അതോടെ പദ്ധതി പ്രദേശത്ത് നിന്നും സമരക്കാരെ ഒഴുപ്പിക്കാൻ വെടിവെപ്പ് നടത്തിയിരുന്നെങ്കിൽ നൂറുകണക്കിന് ആളുകൾ മരിക്കുമായിരുന്നെന്ന്  സ‍ർക്കാർ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഇതോടെ കേന്ദ്ര സേനക്ക് സുരക്ഷാചുമതല നൽകണമെന്ന് അദാനി ഗ്രൂപ്പ് കോടതിയോട് ആവശ്യപ്പെട്ടു. ഇതിനെ എതിർക്കില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. ഇത് ഫയലിൽ സ്വീകരിച്ച കോടതി,  സംസ്ഥാന സ‍ർക്കാർ ആവശ്യപ്പെടാതെ കേന്ദ്രസേനയെ പദ്ധതി മേഖലയിൽ വിന്യസിക്കാൻ കഴിയുമോയെന്ന് ചോദിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യം ചർച്ച ചെയ്ത് മറുപടി പറയാനും  കോടതി നിർദേശം നൽകി. ഹർജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റി.  


 

click me!