വാഹനം ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലാനായിരുന്നു പദ്ധതി. ഒരാഴ്ച മുമ്പ് തന്നെ ഇതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങിയിരുന്നു.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ വ്യാപാരിയെ വാഹനമിടിച്ചിട്ട ശേഷം വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ക്വട്ടേഷന്‍ കൊടുത്തയാളും കൊട്ടേഷൻ ഏറ്റെടുത്തയാളുമാണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായത്. ഇനിയും പിടിയിലാവാനുള്ള ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്
നെയ്യാറ്റിൻകര പെരുമ്പഴു സ്വദേശി വിനോദ് കുമാർ, കുന്നത്തുകാൽ സ്വദേശി ആന്റണി എന്നിവരാണ് പിടിയിലാത്. കഴിഞ്ഞ 28-ാം തീയ്യതി രാത്രി 11.30നാണ് സംഭവം. പഴുതൂരില്‍ പലചരക്ക് കട നടത്തുന്ന രാജൻ കടയടച്ച് വീട്ടിലേക്ക് മടങ്ങുംവഴി ക്വട്ടേഷൻ സംഘം കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വാഹനം ഇടിപ്പിച്ച ശേഷം വെട്ടിക്കൊല്ലാനായിരുന്നു പദ്ധതി. കടയിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നായിരുന്നു ക്വട്ടേഷൻ.
ഒരാഴ്ച്ച മുമ്പ് സ്ഥലത്തെത്തിയ ക്വട്ടേഷൻ സംഘം, ആളെയെയും ക്വട്ടേഷൻ നടത്തേണ്ട സ്ഥലവും ഉറപ്പിച്ചു. തുടർന്ന് കാറിൽ പിന്തുടർന്ന അഞ്ചംഗ സംഘം വിഷ്ണുപുരത്തെ ഒഴിഞ്ഞ സ്ഥലത്തുവെച്ച് രാജന്റെ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. വഴിയിലേക്ക് തെറിച്ചുവീണ രാജനെ വാളിന് വെട്ടിയും കമ്പി വടി കൊണ്ട് തലക്കടിച്ചും പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞു. രാജന്റെ കൈയ്യിലുണ്ടായിരുന്ന പണം നഷ്ടമാകാത്തതിനാൽ മോഷണശ്രമമല്ല എന്ന് അന്നുതന്നെ പൊലീസ് ഉറപ്പിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ക്വട്ടേഷനാണെന്ന് സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകര സ്വദേശിയിൽ നിന്നാണ് ക്വട്ടേഷൻ സ്വീകരിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നല്‍കി. ക്വട്ടേഷൻ തുകയായി ഇരുപതിനായിരം രൂപയും പ്രതികൾ കൈപ്പറ്റി. ക്വട്ടേഷൻ നൽകിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം