ഹരികുമാറിനെ നെയ്യാറ്റിനകര സബ് ജയിലിലേക്ക് മാറ്റി.
ബാലരാമപുരം : ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കുഞ്ഞിന്റെ അമ്മാവൻ ഹരികുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹരികുമാറിന് വേണ്ടി അഭിഭാഷകർ ആരും കോടതിയിൽ ഹാജരായില്ല.
വിചിത്ര വിശദീകരണവുമായി ഹരികുമാർ, ദേവേന്ദുവിനെ കൊലപ്പെടുത്തിയത് ഉൾവിളി തോന്നിയതിനാലെന്ന് മൊഴി
കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തിയെന്ന് ഇന്നലെ തന്നെ ഹരികുമാർ പൊലീസിനോട് സമ്മതിച്ചതാണ്. രണ്ടാം ദിവസവും വിശദമായി ചോദ്യം ചെയ്യലിന് ശേഷമാണ് നെയ്യാറ്റിൻകര ജെഎഫ്എംസി കോടതിയിൽ ഹാജരാക്കിയത്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ നെയ്യാറ്റിൻകര സബ് ജയിലിലേക്ക് മാറ്റി. ഹരികുമാർ പലതരത്തിലുള്ള മൊഴികൾ പറഞ്ഞാണ് പൊലീസിനെ വട്ടം കറക്കുന്നത്. സഹോദരി ശ്രീതുവും ഹരികുമാറും തമ്മിലെ ബന്ധത്തിൽ അടിമുടി ദുരൂഹതകളുണ്ട്. അടുത്തടുത്ത മുറികളിൽ നിന്ന് ഇരുവരും നിരന്തരം വാട്സ് ആപ് ചാറ്റും വീഡിയോ കോളും ചെയ്യാറുണ്ടായിരുന്നു. ശ്രീതുവിനോട് ഹരികുമാർ വഴിവിട്ട് പെരുമാറാൻ ശ്രമിച്ചിരുന്നു. ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി കുഞ്ഞിനെ കൊന്നെന്ന് മൊഴിയുണ്ട്. ഇതിനിടെ ഉൾവിളികൊണ്ട് കൊലപ്പെടുത്തിയെന്നും ഹരികുമാർ പറഞ്ഞിട്ടുണ്ട്.
പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക മാറ്റിയ ശ്രീതുവിനെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്തു. ഇവർക്ക് കുഞ്ഞിൻറെ മരണത്തിൽ പങ്കുണ്ടോ എന്നുള്ള വിശദമായ അന്വേഷണത്തിലാണ് പൊലീസ്. മാനസികസ്വാസ്ഥ്യമുള്ള സഹോദരനെ കൂടുതൽ കരുതലോടെ നോക്കാറുണ്ടെന്നാണ് ഇവരുടെ മൊഴി.
സംഭവത്തിൽ ദുരൂഹത കൂട്ടും വിധമായിരുന്നു കരിക്കകം സ്വദേശി ദേവീദാസൻ എന്ന മന്ത്രിവാദിയുടെ കസ്റ്റഡി. ശ്രീതു ഇയാളെ ഗുരുവായി കണ്ടിരുന്നു. ഹരികുമാർ ഒന്നര വർഷത്തോളം ഇയാളുടെ മഠത്തിൽ ജോലി ചെയ്തിരുന്നു. വീടുവാങ്ങാനെന്ന പേരിൽ 30 ലക്ഷം രൂപ പല ഘട്ടങ്ങളിലായ് ദേവീദാസൻ തട്ടിയെടുത്തെന്നാണ് ശ്രീതുവിൻറെ മൊഴി. പക്ഷെ ഇയാൾ ഇത് നിഷേധിച്ചു. കുഞ്ഞിൻരെ കൊലയിൽ ഇയാൾക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം.