കേന്ദ്ര ബജറ്റിന് മുന്‍പ് ഇത്തവണ സാമ്പത്തിക സർവേ റിപ്പോർട്ട് ഇല്ല, 10വർഷത്തെ അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കി

By Kishor Kumar K C  |  First Published Jan 30, 2024, 10:56 AM IST

അടുത്തവർഷം ഏഴ് ശതമാനത്തിലധികം വളർച്ച നിരക്ക് നേടുമെന്നും  2030 ല്‍ ഏഴ് ട്രില്യണ്‍ ഡോള‍ർ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിലുണ്ട്


ദില്ലി: ഇത്തവണ ഇടക്കാല ബജറ്റ് അവതരണത്തിന് മുന്‍പ് സാമ്പത്തിക സർവെ റിപ്പോർട്ട് ഉണ്ടാകില്ല. പകരം ധനമന്ത്രാലയം പത്ത് വർഷത്തെ ഇന്ത്യൻ സമ്പദ്‍രംഗത്തെ കുറിച്ചുള്ള അവലകോന റിപ്പോര്‍ട്ട് പുറത്തിറക്കി. അടുത്ത വർഷം ഏഴ് ശതമാനത്തിലധികം വളർച്ച നിരക്ക് നേടുമെന്നും  2030 ല്‍ ഏഴ് ട്രില്യണ്‍ ഡോള‍ർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിലുണ്ട്

ബജറ്റ് അവതരണത്തിന് തൊട്ടുമുൻപുള്ള ദിവസം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് തയ്യാറാക്കി ധനമന്ത്രി പാർലമെന്‍റില്‍ വക്കുന്നതാണ്  സാമ്പത്തിക സർവെ റിപ്പോര്‍ട്ട്. അവസാനിക്കാൻ പോകുന്ന വർഷത്തെ സാമ്പത്തികരംഗത്തെ സ്ഥിതി റിപ്പോർട്ടില്‍ വിവരിക്കും. രാജ്യത്തെ വളർച്ചയും വിലക്കയറ്റവും ധനകമ്മിയുമെല്ലാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും. എന്നാല്‍ ഇത്തവണ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സാമ്പത്തിക സർവേ റിപ്പോര്‍ട്ടില്ല.  10 വർഷത്തെ റിപ്പോർട്ട്  പുറത്തിറക്കുകയാണെന്നും ഇത് സാമ്പത്തിക സർവേ റിപ്പോർട്ടല്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ലോക്സഭ തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നടപടിയെന്നതാണ് ശ്രദ്ധേയം.

Latest Videos

തെര‍ഞ്ഞെടുപ്പിന് ശേഷം  മുഴുവൻ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സാമ്പത്തിക സർവേ റിപ്പോര്‍ട്ട് ഉണ്ടാകുമെന്നും ധനമന്ത്രാലയം പറഞ്ഞു.  ഈ  സാമ്പത്തികവർഷം 7.3 ശതമാനം വള‍ർച്ച നേടുമെന്നും വരുന്ന സാമ്പത്തിക വർഷവും ഏഴ് ശതമാനത്തിലധികമായിരിക്കും ജിഡിപിയെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നു.  ഹോങ്‍കോങിനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ സ്റ്റോക്ക് മാർക്കറ്റായി . പിഎം ജൻധൻ യോജനയുടെ  പിന്തുണയോടെ ബാങ്ക് അക്കൗണ്ടുള്ള സ്ത്രീകളുടെ എണ്ണം  53 ശതമാനത്തില്‍ നിന്ന് 78.6 ശതമാനമായി ഉയർന്നു. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് വലിയ വളർച്ചയുണ്ടായെന്നും സർക്കാർ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടു. ജിഎസ്ടി ഉള്‍പ്പെടെയുള്ളവ നടപ്പാക്കിയത് സാമ്പത്തിക രംഗത്തെ മികവിന് കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്.

click me!