പുറത്ത് നിന്ന് കള്ളുകൊണ്ട് വന്ന് വിതരണം ചെയ്യുന്നുണ്ടോ? എങ്കിൽ എത്ര ലിറ്റർ തുടങ്ങിയ ചോദ്യങ്ങൾക്കും മറുപടിയില്ല. ബിനാമി പേരിൽ കള്ളുഷാപ്പ് ലൈസൻസുകളെടുക്കുന്നത് പരിശോധിക്കാൻ കഴിഞ്ഞ വർഷവും എക്സൈസ് തീരുമാനമെടുത്തിരുന്നു.
കൊച്ചി : സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ലൈസൻസി കള്ളുഷാപ്പുകളുടെ എണ്ണമോ, എത്ര ലിറ്റർ കള്ള് വിൽക്കുന്നുവെന്നോ കണക്കില്ലെന്ന് സർക്കാർ. നിയമസഭയിൽ മാത്യുകുഴൽനാടൻ എംഎൽഎയുടെ ചോദ്യങ്ങൾക്കാണ് വിവരം ശേഖരിച്ചുവരുന്നുവെന്ന മറുപടി. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് സർക്കാർ ശരിയായ ഉത്തരം നൽകുന്നില്ലെന്നും പരാതിയുമുണ്ട്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കള്ളുഷാപ്പ് ലൈസൻസുകളുടെ എണ്ണം, ജില്ല തിരിച്ചുള്ള കണക്ക്, പ്രതിദിനം എത്ര ലിറ്റർ കള്ള് വിൽക്കുന്നു തുടങ്ങിയ ചോദ്യങ്ങൾക്കാണ് സർക്കാരിന് മറുപടിയില്ലാത്തത്. എക്സൈസ് മന്ത്രിയുടെ മറുപടി ഒറ്റ വരിയേയുള്ളൂ. വിവരം ശേഖരിച്ചുവരുന്നു. എത്ര തെങ്ങ്, പനയിൽ നിന്ന് കള്ള് ചെത്തുന്നതിന് അനുമതിയുണ്ട്?, എത്ര ലിറ്റർ കള്ളാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്? പുറത്ത് നിന്ന് കള്ളുകൊണ്ട് വന്ന് വിതരണം ചെയ്യുന്നുണ്ടോ? എങ്കിൽ എത്ര ലിറ്റർ തുടങ്ങിയ ചോദ്യങ്ങൾക്കും മറുപടിയില്ല. ബിനാമി പേരിൽ കള്ളുഷാപ്പ് ലൈസൻസുകളെടുക്കുന്നത് പരിശോധിക്കാൻ കഴിഞ്ഞ വർഷവും എക്സൈസ് തീരുമാനമെടുത്തിരുന്നു. ലൈസൻസിയും നടത്തിപ്പുകാരും രണ്ടാണെന്നുള്ള നിരവധി പരാതികൾ എക്സൈസിന് കിട്ടാറുണ്ട്.
undefined
ഇത് കണക്കിലെടുത്ത് പൊലീസ് സഹായത്തോടെ കള്ളുഷാപ്പ് ലൈസൻസുകൾ പരിശോധിക്കുമെന്നായിരുന്നു കഴിഞ്ഞ വർഷത്തെ അറിയിപ്പ്. എന്നിട്ടും ഇപ്പോഴും എക്സൈസിന്റെ പക്കൽ കണക്കില്ല. പല ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നില്ലെന്ന ആക്ഷേപം പ്രതിപക്ഷത്തിനുണ്ട്. ഒരേ ചോദ്യത്തിന് പോലും പല മറുപടിയെന്നും പരാതിയുണ്ട്. സഭയിൽ മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ചോദ്യങ്ങൾ സ്പീക്കറുടെ ഓഫീസ് വെട്ടിനിരത്തിയെന്ന ആക്ഷേപം നേരത്തെ തന്നെ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ പരാതിയും നൽകിയിട്ടുണ്ട്. ചോദ്യങ്ങൾ ഒഴിവാക്കിയെന്ന് മാത്രമല്ല, വ്യക്തമായ ഉത്തരം നൽകുന്നില്ലെന്ന പരാതിയും കടുപ്പിക്കുകയാണ് പ്രതിപക്ഷം.