അന്വേഷണം സംസ്ഥാന പൊലീസിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മാമിയുടെ ഭാര്യ റംലത്ത് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി.
കൊച്ചി: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഏജൻറും വ്യാപാരിയുമായ മാമി എന്ന മുഹമ്മദ് ആട്ടൂറിന്റെ തിരോധാനത്തിൽ സിബിഐ അന്വേഷണമില്ല. അന്വേഷണം സംസ്ഥാന പൊലീസിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മാമിയുടെ ഭാര്യ റംലത്ത് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിച്ചുവരികയാണെന്നും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും സംസ്ഥാന സർക്കാർ മറുപടി നൽകിയിരുന്നു. ഇത് അംഗീകരിച്ചാണ് തൽക്കാലം സിബിഐ അന്വേഷണം വേണ്ടെന്ന തീരുമാനത്തിലേക്ക് സിംഗിൾ ബെഞ്ച് എത്തിയത്. മാമി തിരോധാനത്തിന് പിന്നിൽ സംസ്ഥാനത്തെ ഉന്നതർക്ക് ബന്ധമുണ്ടെന്ന് പി വി അൻവർ ആരോപിച്ചിരുന്നു.
കോഴിക്കോട് വലിയ വലിയ വസ്തു ഇടപാടുകള്‍ നടത്തിയിരുന്ന ആളാണ് മാമി എന്ന മുഹമ്മദ് ആട്ടൂർ. 2023 ആഗസ്റ്റ് 21 നാണ് ഇദ്ദേഹത്തെ കാണാതായത്. കേരളത്തിനകത്തും പുറത്തുമുള്ള ഇടനിലക്കാരുമായി ബന്ധമുള്ള മാമി അരയിടത്തുപാലത്തെ ഓഫീസില്‍ നിന്നും വീട്ടിലേക്ക് ഇറങ്ങിയതിന് ശേഷം തിരിച്ചെത്തിയിട്ടില്ല. നടക്കാവ് പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചിച്ചത്. ഇത് കാര്യക്ഷമമല്ലെന്ന ആക്ഷേപം കുടുംബം തുടക്കം മുതൽ ഉന്നയിച്ചിരുന്നു. കോഴിക്കോട് കമ്മീഷണരുടെ മേല്‍നോട്ടത്തിലുള്ള സ്ക്വാഡും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് എഡിജിപി എംആര്‍ അജിത് കുമാര്‍ കൈമാറിയത്. തിരോധാനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ ബന്ധപ്പെടുത്തിയുള്ള ഗുരുതര ആരോപണം പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.