വിവാദ ബാനർ: എസ്എഫ്ഐ വിദ്യാർഥികൾക്കെതിരെ നടപടി പാടില്ലെന്ന് നിർദ്ദേശിച്ച് ഗവ‍ർണർ; കാരണവും വ്യക്തമാക്കി!

By Web Team  |  First Published Nov 18, 2022, 8:56 PM IST

കോളേജിന്റെ പ്രധാന കവാടത്തിൽ ഉയർത്തിക്കെട്ടിയ ബാനറിൽ ഗവർണറെ അധിക്ഷേപിക്കുന്ന നിലയിലുള്ള വാക്കുകളാണ് ഉണ്ടായിരുന്നത്


ദില്ലി: തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിലെ കവാടത്തിൽ ഗവർണറെ അധിക്ഷേപിക്കുന്ന തരത്തിൽ എസ് എഫ് ഐ സ്ഥാപിച്ചിരുന്ന ബാനർ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. പിന്നാലെ രാജ്ഭവന്‍റെ ഇടപെടൽ കൂടി ഉണ്ടായതോടെ ഏവരുടെയും ശ്രദ്ധ ബാനർ വിഷയത്തിലേക്കും തിരിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ എസ് എഫ് ഐ ബാനറിന്‍റെ കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ് ബാനറെങ്കിലും ഇതിന്‍റെ പേരിൽ എസ് എഫ് ഐ വിദ്യാർത്ഥികൾക്കെതിരെ നടപടി പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഗവർണർ വ്യക്തമാക്കി. അവർ കുട്ടികളല്ലേയെന്നും 'പഠിച്ചതല്ലേ പാടൂ' എന്നും ഗവർണർ അഭിപ്രായപ്പെട്ടു.

അതേസമയം നേരത്തെ ബാനർ വിഷയത്തിൽ സംസ്കൃത കോളേജിലെ പ്രിൻസിപ്പലിനോട് വിശദീകരണം തേടാൻ രാജ് ഭവൻ നിർദ്ദേശം നൽകിയിരുന്നു. കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല രജിസ്ട്രാർക്കുമാണ് രാജ് ഭവൻ നേരത്തെ നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് ഇന്ന് ഗവർണർ തന്നെ വിഷയത്തിലെ തന്‍റെ അഭിപ്രായം പരസ്യമാക്കിയത്. അതുകൊണ്ടുതന്നെ ബാനർ വിഷയത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകില്ല. കഴിഞ്ഞ ദിവസമാണ് എസ് എഫ് ഐയുടെ പേരിൽ സംസ്കൃത കോളേജിലെ പ്രധാന കവാടത്തിന് മുന്നിൽ വിവാദ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോളേജിന്റെ പ്രധാന കവാടത്തിൽ ഉയർത്തിക്കെട്ടിയ ബാനറിൽ ഗവർണറെ അധിക്ഷേപിക്കുന്ന നിലയിലുള്ള വാക്കുകളാണ് ഉണ്ടായിരുന്നത്. രാജ് ഭവൻ സംഭവത്തിൽ ഇടപെട്ടതിന് പിന്നാലെ എസ് എഫ് ഐ പ്രവർത്തകർ കോളേജ് കവാടത്തിലെ ബാനർ നീക്കിയിരുന്നു.

Latest Videos

ഏതോ കേസിന്‍റെ വിധിയിൽ 11 വിസിമാരോട് ഒഴിയാന്‍ പറയുന്നതെന്തിന്? ഗവർണർ കേന്ദ്രത്തിന്‍റെ ഏജന്‍റെന്നും കാനം

അതേസമയം സ‍ർക്കാരിനെതിരായ തുറന്ന പോര് തുടരുമെന്ന സൂചനയും ഇന്ന് ഗവ‍ർണർ നൽകിയിട്ടുണ്ട്. സർവകലാശാല വിഷയത്തിന് പിന്നാലെ ഇനി താൻ ഏറ്റെടുക്കുക മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം സംബന്ധിച്ച വിഷയമാകുമെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയതലത്തിൽ അടക്കം വിഷയം ശക്തമായി ഉയർത്തുമെന്ന് അദ്ദേഹം വിശദീകരിച്ചു. കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പ് ആണെന്നും ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായും ഇത് സർക്കാരിന്‍റെ പൊതുരീതിയാണെന്ന് വേണം മനസ്സിലാക്കാനെന്നും ഗവര്‍ണര്‍ ചൂണ്ടികാട്ടി.

'ഇനി ഏറ്റെടുക്കുന്നത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം', വിഷയം ശക്തമായി ഉയര്‍ത്തുമെന്ന് ഗവര്‍ണര്‍

click me!