വയനാട്ടിലെ ഡിസിസി ട്രെഷറർ എൻഎം വിജയൻ്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിന് മകൻ മൊഴി നൽകി
ബത്തേരി: ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് മൂത്ത മകൻ വിജിലൻസിന് മൊഴി നൽകി. കുടുംബം പ്രശ്നങ്ങളല്ല സാമ്പത്തിക പ്രശ്നങ്ങൾ തന്നെയായിരുന്നു മരണത്തിന് കാരണമെന്നും എന്നാൽ അച്ഛൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരിട്ടറിയില്ലെന്നും മകൻ വിജിലൻസിനോട് പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം പരസ്യമായി ഉന്നയിച്ചതിന് പിന്നാലെയാണ് മകൻ വിജിലൻസിന് മൊഴി നൽകിയത്. എൻ എം വിജയൻറെ കത്ത് വായിച്ചിട്ടില്ലെന്ന കെ സുധാകരന്റെ വാദം തെറ്റാണെന്ന് വിമർശിച്ചാണ് ഇന്നലെ കുടുംബം രംഗത്ത് വന്നത്. കത്തിൽ വ്യക്തതയില്ലെന്നും പാർട്ടിക്കെതിരെയല്ല ആളുകൾക്കെതിരെയാണ് പരാമർശങ്ങൾ എന്ന് വി ഡി സതീശൻ പറഞ്ഞതായി കുടുംബം പ്രതികരിച്ചിരുന്നു. പാർട്ടിക്കുവേണ്ടി കടക്കാരൻ ആയിട്ടും എൻ എം വിജയനെ കോൺഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബം പറഞ്ഞത്.
ഡിസിസി ട്രഷർ എൻ എം വിജയൻറെ ആത്മഹത്യക്ക് കാരണം കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി നടത്തിയ സാമ്പത്തിക ഇടപാടുകളെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇത് തള്ളിയ കോൺഗ്രസ് ആരോപണ സ്ഥാനത്തുള്ള ഐസി ബാലകൃഷ്ണൻ എംഎൽഎക്ക് ശക്തമായ പിന്തുണയും നൽകി. എന്നാൽ ഇപ്പോൾ കുടുംബം പാർട്ടിയെ തള്ളിപ്പറഞ്ഞതോടെ പ്രതിരോധത്തിൽ ആയിരിക്കുകയാണ് കോൺഗ്രസ്. ആത്മഹത്യ കുറുപ്പിൽ പറയുന്നത് പ്രകാരം എൻ എം വിജയൻ എഴുതിയ കത്തുകൾ കെ സുധാകരനും വിഡി സതീശനും വായിച്ചു കേൾപ്പിച്ചിരുന്നുവെന്നും എന്നിട്ടും നേതാക്കൾ കൈയൊഴിഞ്ഞുവെന്നും കുടുംബം കുറ്റപ്പെടുത്തി.