വിജയൻ്റെയും മകൻ്റെയും മരണത്തിൽ കുടുംബത്തെ അനുനയിപ്പിച്ചെങ്കിലും കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായി പൊലീസ് നടപടി
കൽപ്പറ്റ: എൻ എം വിജയൻറെ മരണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. ഐസി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്. കെഎൽ പൗലോസ് ഉൾപ്പെടെയുള്ളവരുടെ പേരുകൾക്കൊപ്പം നേരത്തെ കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പരേതനായ പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്.
വിഷം കഴിച്ചു മരിക്കുന്നതിന് മുൻപ് മൂത്ത മകൻ വിജേഷിന് എഴുതിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിജയൻ വ്യക്തമാക്കുന്നത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാർട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി വിജയൻ പറയുന്നത്. ഐ സി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തിൽ പറയുന്നു. നിയമനത്തിന് പണം വാങ്ങിയത് എം എൽ എ ആണെന്ന് ആരോപിക്കുന്ന കത്തിൽ ഈ വിവരങ്ങളെല്ലാം കെ പി സി സി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡി സി സി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കൾ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന സ്വഭാവമുള്ള കത്തുകൾ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയിൽ എഴുതി സൂക്ഷിച്ചിരുന്നു.
ആത്മഹത്യാക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെ എൻ എം വിജയൻ കെപിസിസി നേതൃത്വത്തിന് എഴുതിയ കത്തും കുടുംബം പുറത്തുവിട്ടിരുന്നു. ഇതിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് പറയുന്ന നേതാക്കളുടെ പേരുകളിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്. ആത്മഹത്യാപ്രേരണ കൂടി ഉൾപ്പെടുത്തിയതോടെ കേസ് മാനന്തവാടി സബ് ഡിവിഷൻ കോടതിയിൽ നിന്ന് ബത്തേരി കോടതിയിലേക്ക് മാറ്റാൻ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. എൻ എം വിജയൻറെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ ആണ് എൽഡിഎഫ് തീരുമാനം. വരുംദിവസങ്ങളിലും ബത്തേരിയിൽ ഉൾപ്പെടെ സിപിഎം പ്രതിഷേധം സംഘടിപ്പിക്കും.