വിജയൻ്റെ മരണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ 'ആത്മഹത്യാപ്രേരണ കുറ്റം' ചുമത്തും: അന്വേഷണവുമായി പൊലീസ് മുന്നോട്ട്

By Web Desk  |  First Published Jan 9, 2025, 6:09 AM IST

വിജയൻ്റെ മരണത്തിൽ പൊലീസും വിജിലൻസും രജിസ്റ്റർ ചെയ്ത കേസുകളിൽ കുടുംബമല്ല പരാതിക്കാ‌ർ. അതിനാൽ തന്നെ കോൺഗ്രസ് നേതൃത്വവും കുടുംബവും തമ്മിലെ ഒത്തുതീർപ്പ് അന്വേഷണത്തിന് വിലങ്ങുതടിയാകില്ല


ബത്തേരി: ഡിസിസി ട്രഷറർ എൻ എം വിജയന്‍റെയും മകൻ്റെയും മരണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. ഐസി ബാലകൃഷ്ണൻ, എൻഡി അപ്പച്ചൻ, കെ എൽ പൗലോസ്, കെ കെ ഗോപിനാഥൻ ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. വിജയൻ എഴുതിയ കത്തിൽ പരാമർശിച്ച നേതാക്കൾക്കെതിരെയാണ് കേസെടുക്കുക. ആത്മഹത്യാപ്രേരണ ആർക്കൊക്കെ എതിരെ എന്നതിൽ പൊലീസ് ഉടൻ തീരുമാനമെടുക്കും.

കേസ് മാനന്തവാടി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ബത്തേരി കോടതിയിലേക്ക് മാറ്റാൻ പോലീസ് അപേക്ഷ നൽകി. അതിനിടെ ബത്തേരി  ബാങ്ക് നിയമന തട്ടിപ്പിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അമ്പലവയൽ സ്വദേശി ഷാജിയുടെ പരാതിയിലാണ് കേസ്. ഡിസിസി മുൻ ട്രഷറർ കെ കെ ഗോപിനാഥന് എതിരെയാണ് പരാതി. 12 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും മൂന്ന് ലക്ഷം രൂപ നിയമനത്തിന് നൽകിയെന്നുമാണ് പരാതി.

Latest Videos

ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ വിജയന്‍റെ ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു. കടബാധ്യതയെ കുറിച്ചും ചോദിച്ചറിഞ്ഞിരുന്നു. ബാധ്യതകൾ ഏറ്റെടുക്കുമെന്ന കോൺഗ്രസ് നേതാക്കളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കുടുംബം ഇന്നുമുതൽ വായ്പകളുടെ വിവരങ്ങൾ ശേഖരിക്കും. അതേസമയം ഐസി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തുന്ന പ്രതിഷേധം വരും ദിവസങ്ങളിലും തുടരും. സാമ്പത്തിക ഇടപാട് ആരോപണം ഉയ‍ർന്ന ഐസി ബാലകൃഷ്ണൻ രാജിവെക്കും വരെ സമരം തുടരുമെന്നാണ് എൽഡിഎഫിൻ്റെ പ്രഖ്യാപനം. ഇന്നലെ രാത്രി ബത്തേരി ടൗണില്‍ എല്‍ഡിഎഫ് നൈറ്റ് മാർച്ച് നടത്തിയാണ് പ്രതിഷേധിച്ചത്.

പൊലീസും വിജിലൻസും അന്വേഷിക്കുന്നത് വിജയൻ്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലല്ല എന്നതിനാൽ അന്വേഷണത്തിന് നിലവിൽ തടസമില്ല. എങ്കിലും കുടുംബത്തെ ഒപ്പംനി‍ർത്തിയതോടെ കോൺഗ്രസ് നേതാക്കൾ തത്കാലം ആശ്വാസത്തിലാണ്. അസ്വാഭാവിക മരണത്തിന്  രജിസ്റ്റർ ചെയ്ത കേസാണ് ഇപ്പോൾ പൊലീസിന് മുന്നിലുള്ളത്. സ്വമേധയാ വിജിലൻസ് നടത്തുന്ന പ്രാഥമിക പരിശോധനയാണ് മറ്റൊന്ന്. രണ്ടിലും കുടുംബം പരാതിക്കാരല്ല. അതിനാൽ തന്നെ കോൺഗ്രസ് നേതൃത്വവും കുടുംബവും തമ്മിലെ ഒത്തുതീർപ്പ് പ്രകാരം കേസ് പിൻവലിക്കാനും സാധിക്കില്ല. എന്നാൽ നിലപാട് കുടുംബം മയപ്പെടുത്താനാണ് സാധ്യത.

പാർട്ടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ആത്മഹത്യയ്ക്ക് പ്രേരണയായെന്ന് കുടുംബം നൽകിയ മൊഴി മുഖവിലയ്ക്കെടുത്താണ് പൊലീസ് കേസ് മുന്നോട്ടു കൊണ്ടുപോകുന്നത്.. എന്നാൽ വിജിലൻസിന് മുന്നിൽ മൂന്ന് പരാതിക്കാരുടെ മൊഴികളാണുള്ളത്. ഐസി ബാലകൃഷ്ണനെയും എൻഡി അപ്പച്ചനെയും കുറ്റപ്പെടുത്തി മൂന്ന് പരാതിക്കാരും മൊഴി നൽകിയിട്ടില്ല. അതിനാൽ തന്നെ ഈ കോൺഗ്രസ് നേതാക്കളെ പ്രതികളാക്കുക എളുപ്പമല്ല.

കുടുംബം  പിൻവാങ്ങിയ സാഹചര്യത്തിൽ ഈ കേസുകൾ പാർട്ടി സഹായത്തോടെ ഒത്തുതീർക്കാനുള്ള നീക്കം നടന്നേക്കും. നാല് പരാതിക്കാരാണ് ഇതിനകം രംഗത്ത് വന്നിട്ടുള്ളത്. അതിൽ രണ്ടുപേർ മാത്രമാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. മറ്റു രണ്ടു പേർ പ്രത്യക്ഷ പ്രതികരണത്തിന് തയ്യാറായിട്ടില്ല. കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി എന്ന പരാതി നിലനിൽക്കുന്നത് നേതൃത്വത്തിന് തലവേദനയാണ്.  കുടുംബത്തിൻറെ പരാതി പരിഹരിച്ചാലും ഈ വിഷയം നിലനിൽക്കും. ചുരുക്കത്തിൽ വയനാട്ടിലെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് നിയമനത്തിന്  കോഴ വാങ്ങിയെന്ന ആരോപണം കോൺഗ്രസിനെതിരെ ശക്തമായി തന്നെ സിപിഎം ഉന്നയിക്കും.

 

click me!