നിതീഷ് എൻഡിഎ വിട്ടത് ബിജെപിക്ക് കിട്ടിയ അടി; സോണിയാ ഗാന്ധിയെ കണ്ട് തേജസ്വി യാദവ്

By Web Team  |  First Published Aug 12, 2022, 6:50 PM IST

സംസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സോണിയാ ഗാന്ധിയെ കാണാൻ തേജസ്വി ദില്ലിയിലെത്തിയത്


പാറ്റ്ന: ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും ഒന്നാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ദില്ലിയിൽ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പാർട്ടികളെ അവസാനിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. നിതീഷ് കുമാർ എൻഡിഎ വിട്ടത് ബിജെപിക്ക് കിട്ടിയ അടിയാണെന്നും തേജസ്വി പറഞ്ഞു.

സംസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സോണിയാ ഗാന്ധിയെ കാണാൻ തേജസ്വി ദില്ലിയിലെത്തിയത്. ആര്‍ജെഡിയില്‍ നിന്ന് 18 മന്ത്രിമാരും ജെഡിയുവില്‍ നിന്ന് 13-14 മന്ത്രിമാരും ആയിരിക്കും സർക്കാരിലുണ്ടാവുക എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് തന്നെയാകും ലഭിക്കുക. ഇതിനുള്ള കരുനീക്കങ്ങളാണ് തേജസ്വി നടത്തുന്നത്. കോൺഗ്രസിന് നാല് മന്ത്രി സ്ഥാനവും എച്ച്എഎമ്മിന് ഒരു മന്ത്രിസ്ഥാനവുമെന്നാണ് നിലവിലെ ചർച്ചകളിലെ ധാരണ.

Latest Videos

ബിഹാറിലെ മഹാസഖ്യ സർക്കാർ രാജ്യത്തിനാകെ പ്രതീക്ഷ; സിപിഎം പുറത്ത് നിന്ന് പിന്തുണക്കും: സിതാറാം യെച്ചൂരി

തേജസ്വി യാദവിനൊപ്പം സഹോദരൻ തേജ് പ്രതാപ് യാദവും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് വിവരം. സഭയിൽ രണ്ട് വീതം അംഗങ്ങളുള്ള സിപിഐയും സിപിഎമ്മും സർക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 12 അംഗങ്ങളുള്ള സിപിഐ എംഎൽ മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് ജെഡിയു നിലപാട്. ഇങ്ങിനെ വന്നാൽ ആർജെഡി മന്ത്രിമാരുടെ എണ്ണം കുറയ്ക്കാൻ തേജസ്വി നിർബന്ധിതനാവും. നാളെ ചേരുന്ന സിപിഐ എംഎൽ സംസ്ഥാന കമ്മിറ്റി മന്ത്രിസഭയെ പുറത്ത് നിന്ന് പിന്തുണക്കണോ, മന്ത്രിസഭയുടെ ഭാഗമാകണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും.

ഇന്ന് ദില്ലിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തേജസ്വി യാദവിനെ നേരിൽ കണ്ടു. ബിഹാറിലെ മഹാസഖ്യ സർക്കാർ രാജ്യത്തിനാകെ പ്രതീക്ഷയാണെന്ന് യെച്ചൂരി പിന്നീട് പറഞ്ഞു. ബിഹാറിലെ മഹാസഖ്യ സർക്കാരിൽ സിപിഎം ഭാഗമാകില്ലെന്നും മഹാസഖ്യ സർക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുമെന്നും യെച്ചൂരി പറഞ്ഞു. 2024ൽ നിതീഷ് കുമാർ പ്രധാനമന്ത്രി ആകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

'ബിഹാർ പുതിയ മന്ത്രിസഭക്ക് ആയുസ് കുറവ്, നിതീഷിന്റെ ചുവട് മാറ്റം ജനങ്ങളോടുള്ള വഞ്ചന': വിമർശിച്ച് കേന്ദ്രമന്ത്രി

click me!