'കാലം സാക്ഷി, ചരിത്രം സാക്ഷി', കൂത്തുപറമ്പ് സമരനായകൻ പുഷ്പന് അന്ത്യാഭിവാദ്യമേകാൻ നികേഷ് കുമാർ എത്തി

By Web TeamFirst Published Sep 29, 2024, 5:01 PM IST
Highlights

പുഷ്പങ്ങൾ അർപ്പിച്ചും പുഷ്പചക്രം സമർപ്പിച്ചുമാണ് നികേഷ്, പുഷ്പന് അന്ത്യാഭിവാദ്യമേകിയത്

കണ്ണൂർ: ഇന്നലെ അന്തരിച്ച സി പി എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എം വി നികേഷ് കുമാർ എത്തി. 1994 ൽ പുഷ്പൻ ഉൾപ്പെടെയുടള്ളവർക്ക് നേരെയുണ്ടായ വെടിവയ്പ്പിന് കാരണക്കാരനായി അറിയപ്പെടുന്ന മന്ത്രിയും അന്തരിച്ച സി എം പി നേതാവുമായ എം വി രാഘവന്‍റെ മകനായ നികേഷ്, നിലവിൽ സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്. മാധ്യമ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച നികേഷിനെ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് കണ്ണൂർ ഡി സിയിൽ ഉൾപ്പെടുത്തിയത്.

'പുഷ്പന് മരണമില്ല', വർഗശത്രുക്കളുടെയും ഒറ്റുകാരുടെയും നെറികേടുകളെ നേരിടാൻ കരുത്തുപകരുന്ന ധീരസ്മരണയെന്ന് സിപിഎം

Latest Videos

പുഷ്പന്‍റെ ജന്മനാടായ ചൊക്ലിയിലെ പൊതു ദർശനത്തിനിടെയാണ് നികേഷ് അന്ത്യാഭിവാദ്യം അ‌ർപ്പിക്കാൻ എത്തിയത്. പുഷ്പങ്ങൾ അർപ്പിച്ചും പുഷ്പചക്രം സമർപ്പിച്ചുമാണ് നികേഷ്, പുഷ്പന് അന്ത്യാഭിവാദ്യമേകിയത്. അതേസമയം അവസാനമായി പ്രിയ സഖാവിനെ കാണാനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

പോരാട്ടങ്ങളുടെ പ്രതീകമായി സി പി എമ്മിന് എന്നും ആവേശമായിരുന്ന പുഷ്പന് വൈകാരികമായ യാത്രയയപ്പാണ് പാർട്ടിയും പ്രവർത്തകരും നൽകിയത്. നിലക്കാത്ത മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് ജന്മനാടായ ചൊക്ലിയിലേക്ക് അന്ത്യയാത്ര എത്തിയത്. കോഴിക്കോട് ഡി വൈ എഫ് എഫ് ഓഫീസായ യൂത്ത് സെന്ററിൽ നിന്ന് രാവിലെ എട്ട് മണിക്ക് വിലാപയാത്ര പുറപ്പെട്ടു. വഴിയരികിൽ വടകരയിലും മാഹിയിലുമെല്ലാം വിപ്ലവാഭിവാദ്യങ്ങളുമായി നൂറുകണക്കിന് പേരുണ്ടായി.

11 മണിയോടെ തലശ്ശേരി ടൗൺ ഹാളിലെത്തിച്ചപ്പോൾ സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, സ്പീക്കർ എ എ എൻ ഷംസീർ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു. സമരങ്ങളിൽ ഊർജമായ സഖാവ് മരിക്കുന്നില്ലെന്ന മുദ്രാവാക്യങ്ങൾ മുഴങ്ങി. പിന്നീട് അന്ത്യയാത്ര കൂത്തുപറമ്പിലെത്തി. 1994 നവംബർ 25 ന്റെ രക്തം പൊടിഞ്ഞ ഓർമകൾക്ക് മുന്നിൽ, അഞ്ച് രക്തസാക്ഷികളുടെ സ്മരണക്ക് മുന്നിൽ, പുഷ്പന്റെ അവസാന യാത്രയെത്തിയപ്പോൾ അത്രമേൽ വൈകാരികമായ നിമിഷമായി അത് മാറി.

വൈകിട്ട് അഞ്ചു മണിയോടെ ചൊക്ലിയിലെ വീട്ടു വളപ്പിൽ മൃതദേഹം സംസ്കരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കൂത്തു പറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്ന പുഷ്പൻ ഇന്നലെ വൈകിട്ട് മൂന്നരയോടെ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. പുഷ്പനോടുളള ആദര സൂചകമായി കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ സി പി എം ഹര്‍ത്താല്‍ ആചരിക്കുകയാണ്.

രണ്ട് വ്യത്യസ്ത സംഭവങ്ങൾ, പൊലീസ് പിടികൂടിയത് വയോധികനെയും യുവാവിനെയും; കൈവശമുണ്ടായിരുന്നത് കഞ്ചാവും എംഡിഎംഎയും!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!