അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ എംഎം ആരിഫ് എംപി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തി
മുംബൈ: നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഉറപ്പ് നൽകി. വിഷയം കേരളത്തിൽ നിന്നുള്ള എംപിമാർ ലോക്സഭയിൽ ഉന്നയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ സംഘത്തിന് താമസ ഭക്ഷണ സൗകര്യങ്ങൾ നിഷേധിച്ചതും ഛർദ്ദിയെ തുടർന്ന് അതിലൊരു കുട്ടി മരണപ്പെട്ടതും സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് എഎം ആരിഫ് എംപിയും ബെന്നി ബെഹനാൻ എംപിയുമാണ് ലോക്സഭയിൽ ആവശ്യപ്പെട്ടത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ എംഎം ആരിഫ് എംപി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തി. സഹായധനം അടക്കമുള്ള കാര്യങ്ങളിൽ ഉറപ്പ് കിട്ടിയതായി അദ്ദേഹം പറഞ്ഞു
സ്പോർട്സ് കൗൺസിൽ അംഗീകാരമുണ്ടെങ്കിലും നിദയടക്കമുള്ള കുട്ടികളെ അയച്ച കേരളാ സൈക്കിൾ പോളോ അസോസിയേഷന് ദേശീയ ഫെഡറേഷന്‍റെ അംഗീകാരം ഇല്ല. ഹൈക്കോടതിയിൽ നിന്നുള്ള ഉത്തരവുണ്ടായിട്ടും കുട്ടികൾക്ക് സൗകര്യങ്ങൾ ഒരുക്കാതിരിക്കാനുള്ള കാരണം ഈ വിരോധമാണെന്നാണ് ആരോപണം. 2015 മുതൽ എല്ലാ വർഷവും കോടതി ഉത്തരവ് വാങ്ങിയാണ് കേരളാ സൈക്കിൾ പോളോ അസോസിയേഷൻ ടീമുകളെ അയക്കുന്നത്. എന്നാൽ യാത്ര പോവുന്നതല്ലാതെ ഒരിക്കൽ പോലും ടീം മത്സരിക്കാനിറങ്ങിയിട്ടില്ല. പലകാരങ്ങൾ പറഞ്ഞ് എല്ലാ വർഷവും ദേശീയ ഫെഡറേഷൻ മത്സരവേദിയിൽ നിന്ന് കേരളാ സംഘത്തെ മടക്കി അയക്കും.ചുരുക്കത്തിൽ ഇതിനോടകം ലക്ഷക്കണക്കിന് രൂപ സ്പോട്സ് കൗൺസിൽ വഴി സർക്കാർ വെറുതേ കളഞ്ഞു. പ്രശ്നത്തിന് ശാശ്വത പരിഹാരവും ഉണ്ടാക്കിയിട്ടില്ല.