നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം റൂറൽ എസ്പി അന്വേഷിക്കും, ഉത്തരവിട്ട് ഡിജിപി

By Web Team  |  First Published Dec 29, 2020, 8:52 AM IST

സിവിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണമല്ല, പകരം ദമ്പതികളുടെ മരണത്തിൽ പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കാൻ നിർദേശിച്ചിരിക്കുന്നത്. ദമ്പതികളോട് മോശമായി പൊലീസ് പെരുമാറിയോ എന്നതടക്കം അന്വേഷണപരിധിയിലുണ്ടാകും.


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ലോക്നാഥ് ബെഹ്റ. റൂറൽ എസ്‍പിയാണ് സംഭവം അന്വേഷിക്കുക. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കുക.

സിവിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണമല്ല, പകരം ദമ്പതികളുടെ മരണത്തിൽ പൊലീസിന് വീഴ്ച പറ്റിയോ എന്ന കാര്യമാണ് അന്വേഷിക്കാൻ നിർദേശിച്ചിരിക്കുന്നത്. ദമ്പതികളോട് മോശമായി പൊലീസ് പെരുമാറിയോ എന്നതടക്കം അന്വേഷണപരിധിയിലുണ്ടാകും.

Latest Videos

undefined

പൊലീസ് ഒഴിപ്പിക്കാനെത്തിയപ്പോൾ ദേഹത്ത് പെട്രോളൊഴിച്ച നെയ്യാറ്റിൻകര സ്വദേശി രാജനും ഭാര്യ അമ്പിളിയും ലൈറ്ററെടുത്ത് കയ്യിൽ പിടിച്ച് കത്തിച്ചപ്പോൾ അത് മാറ്റാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു എന്ന് തന്നെയാണ് ഉദ്യോഗസ്ഥതലത്തിൽ വരുന്ന പ്രതികരണം. നല്ല ഉദ്ദേശത്തോടെ, രാജന്‍റെ കയ്യിൽ നിന്ന് ലൈറ്റർ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ തീയാളിപ്പിടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മൂന്ന് സെന്‍റ് ഭൂമി ഒഴിപ്പിക്കുന്നത് പോലെയുള്ള ഇത്തരം ചെറിയ കേസുകൾ സംയമനത്തോടെയും സഹാനുഭൂതിയോടെയും പൊലീസ് കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. അതേസമയം, പൊലീസും വീട് ഒഴിപ്പിക്കാൻ ഹർജി നൽകിയ അയൽക്കാരും തമ്മിൽ ഒത്തുകളിച്ചുവെന്നാണ് രാജന്‍റെ മക്കൾ ആരോപിക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ മണിക്കൂറുകൾക്കകം വരുമെന്നറിഞ്ഞ്, പൊലീസ് ഒഴിപ്പിക്കാൻ നോക്കിയെന്ന ഗുരുതരമായ ആരോപണം രാജന്‍റെ മക്കൾ ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽക്കൂടിയാണ് ഡിജിപി എന്താണ് സംഭവിച്ചതെന്നതിൽ വിശദമായ റിപ്പോർട്ട് തേടിയിരിക്കുന്നത്. 

രാജന്‍റെ മക്കൾ ഉന്നയിക്കുന്ന ആരോപണങ്ങളെന്ത്? വീഡിയോ കാണാം:

click me!