ക്രെഡിറ്റ് കാർഡ് സൗകര്യത്തോടു കൂടിയ മൂന്നു കൗണ്ടറുകളുണ്ട് എന്നതും, പരിസരത്ത് ഫ്‌ളൈ ഓവറിനു ചുവട്ടിലായി സുലഭമായ പാർക്കിങ് ലഭ്യമാണ് എന്നതും ഇവിടത്തെ മറ്റൊരു ആകർഷണമാണ്.
തിരുവനന്തപുരം : പുതുവത്സര രാവ് (New year eve) എന്നത് ബെവ്കോ(Bevco)ക്ക് ഉത്രാടദിനം പോലെ ആദായമെത്തിക്കുന്ന ഒന്നാണ്. ഈ ന്യൂ ഇയറിനും സംസ്ഥാനത്ത് നടന്നത് റെക്കോഡ് മദ്യവിൽപനയാണ്. ഡിസംബർ 31 ന് മാത്രം സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ പന്ത്രണ്ടുകോടിയോളം രൂപയുടെ അധികമദ്യമാണ് ഇക്കുറി പുതുവത്സര രാവിൽ മാത്രം മലയാളികൾ കുടിച്ചു വറ്റിച്ചത്.
മദ്യപരായ മലയാളികൾ എല്ലാക്കൊല്ലവും സാകൂതം ഉറ്റുനോക്കുന്ന ഒരു മത്സരമാണ്, അന്നേദിവസത്തെ വില്പനയിൽ ഒന്നാം സ്ഥാനം നേടുന്ന ബെവ്കോ ഔട്ട്ലെറ്റ് ഏതായിരിക്കും എന്നത്. ഇത്തവണ ചാലക്കുടി, കടവന്ത്ര, പാലാരിവട്ടം തുടങ്ങിയ സ്റ്റാർ ഔട്ട്ലെറ്റുകളോട് ഇഞ്ചോടിഞ്ച് പോരാടി ഒന്നാമതായി ഫിനിഷ് ചെയ്തത്, ബെവ്കോയുടെ അനന്തപുരിയിലെ പവർ ഹൗസ് റോഡിലുള്ള പ്രീമിയം ഔട്ട്ലെറ്റ് ആണ്. ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
undefined
പവർ ഹൗസ് റോഡ് ഫ്‌ളൈ ഓവറിന്റെ തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ഈ പ്രീമിയം കൗണ്ടർ കേരളത്തിലെ തന്നെ ആദ്യത്തെ പ്രീമിയം ഔട്ട്ലെറ്റ് ആണ്. പുറമെ നിന്ന് നോക്കിയാൽ ഒരു സൂപ്പർമാർക്കറ്റിൽ പരിവേഷമുള്ള ഈ ബിവറേജ് ഔട്ട്ലെറ്റിന്റെ അകത്തും ആകർഷകമായ ബ്രാൻഡ് ഡിസ്പ്ലേകളും ലൈറ്റിങ്ങുമാണ് ഉള്ളത്. മറ്റുള്ള ബെവ്കോ ഔട്ട്ലെറ്റുകളെപ്പോലെ ക്യൂ നിൽക്കേണ്ടി വരാതെ, നേരെ കയറി ഇഷ്ടമുള്ള ബ്രാൻഡ് തെരഞ്ഞെടുത്ത് പണം നൽകി മിനിറ്റുകൾക്കുള്ളിൽ തന്നെ തിരിച്ചു പോവാം എന്നതാണ് മദ്യം വാങ്ങാനെത്തുന്നവരെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇതിനു പുറമെ, ഉള്ളിൽ ക്രെഡിറ്റ് കാർഡ് സൗകര്യത്തോടു കൂടിയ മൂന്നു കൗണ്ടറുകളുണ്ട് എന്നതും, പരിസരത്ത് ഫ്‌ളൈ ഓവറിനു ചുവട്ടിലായി സുലഭമായ പാർക്കിങ് ലഭ്യമാണ് എന്നതും ഇവിടത്തെ മറ്റൊരു ആകർഷണമാണ്.
പവർ ഹൗസ് ഔട്ട്ലെറ്റിനു പിന്നിലായി രണ്ടാമതെത്തിയത് 81 ലക്ഷത്തിന്റെ വില്പന നടത്തിയ പാലാരിവട്ടം ഔട്ട്ലെറ്റും, മൂന്നാമതെത്തിയത് 77.33 ലക്ഷം രൂപയുടെ വില്പന നടത്തിയ കടവന്ത്ര ഔട്ടലെറ്റുമാണ്. ക്രിസ്തുമസിന്റെ തലേനാൾ ബിവ്റേജസ് കോർപറേഷൻ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. ഇതും റെക്കോർഡ് വിൽപനയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ പത്തുകോടി രൂപയുടെ അധികമദ്യം ഇക്കൊല്ലം വിറ്റഴിക്കപ്പെട്ട. അന്നും തിരുവനന്തപുരം പവർ ഹൗസ് ഔട്‌ലൈറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ക്രിസ്മസിന്റെ തലേ ദിവസം ഇവിടെ മാത്രം വിറ്റഴിച്ചത്. ക്രിസ്‌മസ് ദിനത്തിൽ കേരളത്തിൽ ആകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. ബെവ്‌കോയ്ക്ക് പുറമെ കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോഴാണിത്. ക്രിസ്‌മസ് ദിവസം ബെവ്‌കോ ഔട്ട്ലെറ്റ് വഴി 65 കോടിയുടെയും കൺസ്യൂമർഫെഡ് ഔട്ട്ലെറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു. ക്രിസ്‌മസ് തലേന്ന് കൺസ്യൂമർഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതു കൂടിയാകുമ്പോൾ ക്രിസ്‌മസിന് മലയാളികൾ ആകെ കുടിച്ചത് 150.38 കോടിരൂപയുടെ മദ്യമാണ്. ക്രിസ്‌മസ് ദിനത്തിലും ബെവ്‌കോ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസിലെ ഔട്ട്ലെറ്റിൽ തന്നെയാണ്, 73.54 ലക്ഷം രൂപയ്‌ക്ക്. 70.70 ലക്ഷം രൂപയുടെ മദ്യം വാങ്ങിക്കുടിച്ച ചാലക്കുടിക്കാർ അക്കാര്യത്തിൽ രണ്ടാമതാണ്. 60 ലക്ഷം രൂപയുടെ മദ്യംവിറ്റ ഇരിഞ്ഞാലക്കുട ഔട്ട്ലെറ്റ് മൂന്നാം സ്ഥാനത്താണ്.