കുന്നംകുളം നഗരത്തിൽ തൃശൂർ - കോഴിക്കോട് സംസ്ഥാന പാതയോടുചേർന്ന് 1988 ലാണ് പോലീസ് സ്റ്റേഷനുവേണ്ടി സ്വന്തമായി ഒരു കെട്ടിടം പണികഴിപ്പിച്ചത്.
തൃശ്ശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷൻ്റെ പുതിയ കെട്ടിട്ടത്തിൻ്റെ ഉദ്ഘാടനം ഞായറാഴ്ച ഉചയ്ക്ക് രണ്ടരയ്ക്ക് മുഖ്യമന്ത്രി നിർവഹിക്കും. സിറ്റി പൊലീസ് പരിധിയിൽ കുന്നംകുളം സബ്ഡിവിഷന് കീഴിൽ വരുന്നതാണ് കുന്നംകുളം പൊലീസ് സ്റ്റേഷൻ. ഭൂവിസ്തൃതിയുടെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണിത്.
കുന്നംകുളം മുൻസിപ്പാലിറ്റിയും ചൊവ്വന്നൂർ, പോർക്കുളം, കാട്ടകാമ്പാൽ, കടവല്ലൂർ, കടങ്ങോട് എന്നീ 5 പഞ്ചായത്തുകളും ഉൾപ്പെടെ 6 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയിൽ ക്രമസമാധാനം കാത്തു സൂക്ഷിക്കുന്ന ഉത്തരവാദിത്വമാണ് കുന്ദംകുളം പോലീസ് സ്റ്റേഷൻ നിർവ്വഹിച്ചുവരുന്നത്. പതിനേഴ് വില്ലേജുകളിലായി പരന്നുകിടക്കുന്ന 158 സ്ക്വയർ കിലോമീറ്ററാണ് പോലീസ് സ്റ്റേഷന്റെ അധികാരപരിധി. 2011 ലെ സെൻസസ് അനുസരിച്ച് 1,67,979 ആണ് ഏകദേശ ജനസംഖ്യ.
കുന്നംകുളം നഗരത്തിൽ തൃശൂർ - കോഴിക്കോട് സംസ്ഥാന പാതയോടുചേർന്ന് 1988 ലാണ് പോലീസ് സ്റ്റേഷനുവേണ്ടി സ്വന്തമായി ഒരു കെട്ടിടം പണികഴിപ്പിച്ചത്. നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ സ്ഥലപരിമിതി കണക്കിലെടുത്താണ് സ്റ്റേഷന് പുതിയ കെട്ടിട്ടം വേണമെന്ന നിർദേശം ഉയരുന്നത്. കുന്നംകുളം എംഎൽഎ യും മുൻ മന്ത്രിയുമായിരുന്ന ശ്രീ. എ.സി. മൊയ്തീൻ്റെ പ്രാദേശിക ആസ്തിവികസനഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചായിരുന്നു നിർമ്മാണം.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് സ്ഥലത്തെ നിയമസഭാ സാമാജികന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് ഒരു പോലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചത്. പോലീസ് സ്റ്റേഷന്റെ അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപകൂടി എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. 2020 സെപ്തംബർ മാസത്തിൽ തറക്കല്ലിട്ട പോലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ നിർമ്മാണം കൊവിഡ് മൂലം മന്ദഗതിയായിരുന്നു.
സ്റ്റേഷൻ ഹൌസ് ഓഫീസർക്കുള്ള മുറി, കുറ്റവാളികളെ ചോദ്യംചെയ്യുന്നതിനും മൊഴികൾ രേഖപ്പെടുത്തുന്നതിനുമുള്ള സംവിധാനം, കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം, അമ്മമാർക്ക് മുലയൂട്ടുന്നതിനുള്ള പ്രത്യേക മുറി, ശിശുസൗഹൃദ കേന്ദ്രം, ശാസ്ത്രീയമായ രീതിയിൽ കേസന്വേഷണം നടത്തുന്നതിനുള്ള അടിസ്ഥാന സൌകര്യങ്ങൾ, കമ്പ്യൂട്ടർ റൂം, അംഗപരിമിതർക്കും പ്രായമായവർക്കും ഉപയോഗിക്കാൻ സാധിക്കും വിധത്തിലുള്ള പ്രത്യേക ചവിട്ടുപടികളും ലിഫ്റ്റ് സൌകര്യവും, പോലീസുദ്യോഗസ്ഥർക്കുള്ള വിശ്രമമുറികൾ, കോണ്‍ഫറന്‍സ് ഹാള്‍, സന്ദര്‍ശകർക്ക് ഇരിക്കുന്നതിനുള്ള പ്രത്യക മുറി, വാഹന പാര്‍ക്കിങ് സൌകര്യം, ഗാര്‍ഡന്‍, സിസിടിവി ക്യാമറ മുതലായ സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കെട്ടിടത്തിന്റെ നിർമ്മാണ കരാർ ഏറ്റെടുത്ത്, നിർദ്ദിഷ്ട സമയത്തിനകം നിർമ്മാണം പൂർത്തീകരിച്ചത്.