നെൻമാറ ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിൽ കേസെടുത്ത് പൊലീസ്.
പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിൽ കേസെടുത്ത് പൊലീസ്. പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് സ്റ്റേഷന്റെ ഗേറ്റും കവാടവും തകർത്തതിനാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടി എടുത്തിരിക്കുന്നത്.
കേസെടുത്തതിന്‍റെ എഫ്ഐആർ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കരിമ്പാറ സ്വദേശി വിനീഷ്, നെന്മാറ സ്വദേശി രാജേഷ്, ധർമ്മൻ, രാധാകൃഷ്ണൻ എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന 10 പേർക്കെതിരെയുമാണ് കേസ്. ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്ക് പറ്റിയെന്നും എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷനിൽ 10000 രൂപയുടെ നഷ്ടമുണ്ടായെന്നും പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നു.
അതേ സമയം, കേസിലെ പ്രതി ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്ന് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 100 വർഷത്തേക്ക് എന്നെ ശിക്ഷിച്ചോളൂ, ഞാൻ ചെയ്തത് തെറ്റെന്നുമാണ് പ്രതി കോടതിയിൽ ഏറ്റു പറഞ്ഞത്. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ആലത്തൂർ ഡിവൈഎസ്പി ഓഫീസിലാണ് പ്രതി ചെന്താമരയെ വിശദമായി ചോദ്യം ചെയ്തത്.
മുൻ വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് റിപ്പോർട്ട് പറയുന്നത്. മനസ്താപമില്ലാത്തകുറ്റവാളിയാണ് പ്രതി, തൻ്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിൻ്റെ സന്തോഷം പ്രതിക്കുണ്ട്. കൊലപാതകത്തിനായി എലവഞ്ചേരിയിൽനിന്നും മരപ്പിടി സ്വയം ഘടിപ്പിക്കാൻ കഴിയുന്ന കൊടുവാൾ വാങ്ങി. സുധാകരനെ ദിവസങ്ങളോളം വീട്ടിലിരുന്ന് നിരീക്ഷിച്ചു. സുധാകരൻ പുറത്തിറങ്ങിയ സമയം വെട്ടി വീഴ്ത്തി.
കൊലനടത്തിയ രക്തക്കറപുരണ്ട കൊടുവാൾ പ്രതിയുടെ മുറിയിൽ കട്ടിലിനടിയിൽ വെച്ചു. ശേഷം പോത്തുണ്ടിമലയിലേക്ക് അതേ വേഷത്തിൽ ഓടിപ്പോയി. ചെന്താമരയുടെ കുടുംബം അകലാന്‍ കാരണം സുധാകരനും അമ്മയുമാണെന്ന് പ്രതി വിശ്വസിച്ചു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. സുധാകരന്‍റെ രണ്ട് പെണ്‍മക്കള്‍ക്കും അയല്‍ക്കാര്‍ക്കും വധഭീഷണിയുണ്ട്. പ്രതി ജയിലിന് പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവന്‍ ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 12 വരെ പ്രതി ചെന്താമരയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.