നെഹ്റു ട്രോഫി വള്ളംകളി ഫല നിർണയത്തിലെ തർക്കം: 100 പേർക്കെതിരെ പൊലീസ് കേസെടുത്തു

By Web TeamFirst Published Sep 29, 2024, 3:07 PM IST
Highlights

അന്യായമായി സംഘം ചേരൽ, സഞ്ചാര സ്വാതന്ത്ര്യം തടയൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്

ആലപ്പുഴ: ഇന്നലെ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫലനിർണയത്തിലെ തർക്കവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 100 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴ നോർത്ത് പൊലീസാണ് കേസെടുത്തത്. ഇന്നലെ നെഹ്‌റു പവലിയനിൽ വച്ചുണ്ടായ സംഭവത്തിലാണ് കേസ്. അന്യായമായി സംഘം ചേരൽ, സഞ്ചാര സ്വാതന്ത്ര്യം തടയൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

ഇന്നലെ ആവേശോജ്ജ്വലമായ മത്സരത്തിനൊടുവിലാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഫോട്ടോ ഫിനിഷിലാണ് കാരിച്ചാൽ വിയപുരം ചുണ്ടനെ മറികടന്നത്. വീയപുരമാണോ കാരിച്ചാലാണോ മുന്നിലെത്തിയതെന്ന് സംശയം ആദ്യമുയർന്നിരുന്നു. പിന്നീടാണ് ഫലനിർണയത്തിൽ അപാകതയുണ്ടെന്ന് ആരോപണം ഉയർന്ന് തർക്കം ഉണ്ടായത്. തുടർച്ചയായി അഞ്ചാം വര്‍ഷവും കാരിച്ചാൽ ചുണ്ടൻ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പൊൻ കിരീടം സ്വന്തമാക്കിയത്.

Latest Videos

എന്നാൽ ഫലനി‍ർണയത്തിൽ കോടതിയെ സമീപിക്കുമെന്ന് വീയപുരം ചുണ്ടൻ തുഴഞ്ഞ  കൈനകരി വില്ലേജ് ബോട്ട് ക്ലബ്‌ വ്യക്തമാക്കി. അഞ്ച് മില്ലി സെക്കന്റുകളുടെ വ്യത്യാസത്തിലാണ് വീയപുരം രണ്ടാമതായത്. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

click me!