പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന സ്റ്റാർ സെക്യൂരിറ്റി ഏജൻസിയുടെ ജനറൽ മാനേജറാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്
തിരുവനന്തപുരം: നീറ്റ് പരീക്ഷക്കിടെ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചിട്ടില്ലെന്ന് പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസി. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന സ്റ്റാർ സെക്യൂരിറ്റി ഏജൻസിയുടെ ജനറൽ മാനേജറാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
ദില്ലിയിലെ കമ്പനിയാണ് തങ്ങൾക്ക് കരാർ നൽകിയതെന്ന് ഇദ്ദേഹം പറഞ്ഞു. കേരളത്തിലെ പരീക്ഷ നടന്ന മിക്ക കേന്ദ്രങ്ങളിലേക്കും സബ് കോൺട്രാക്ട് കൊടുത്താണ് ആളുകളെ അയച്ചത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിക്കുക മാത്രമാണ് തങ്ങൾ ചെയ്തത്. കൊല്ലം ആയുർ കോളേജിൽ മെറ്റൽ ഡിറ്റക്ടറിൽ ലോഹം കണ്ടെത്തിയവരെ മാറ്റി നിർത്താൻ കോളേജ് അധികൃതരാണ് ആവശ്യപ്പെട്ടത്. തങ്ങളുടെ സ്റ്റാഫ് ആരുടെയും അടിവസ്ത്രം അഴിച്ചു പരിശോധിച്ചിട്ടില്ല. കോളേജ് നിയോഗിച്ച സാരിയുടുത്ത രണ്ട് സ്ത്രീകളാണ് മാറ്റിനിർത്തിയ കുട്ടികളെ കൊണ്ടുപോയത്. അവർ എങ്ങനെ പരിശോധിച്ചു എന്ന് തങ്ങൾക്ക് അറിയില്ല. നാല് പുരുഷന്മാരും നാല് സ്ത്രീകളുമായിരുന്നു ആയുർ കോളേജിലെ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നതെന്നും സെക്യൂരിറ്റി ഏജൻസിയുടെ ജനറൽ മാനേജർ അജിത് നായർ വിശദീകരിച്ചു.
എൻടിഎയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വിദ്യാർത്ഥിനികളുടെ പരാതിക്ക് തെളിവില്ലെന്നാണ് വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ച് പരീക്ഷാ കേന്ദ്രത്തിന്‍റെ സൂപ്രണ്ട്, നീരീക്ഷകൻ, സിറ്റി കോർഡിനേറ്റർ എന്നിവർ നൽകിയ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ പാർലമെന്‍റില്‍ അടക്കം കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധം ഉയർത്തിയതും ദേശീയ ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനും സ്വമേധയാ കേസ് എടുത്തതും കൂടി കണക്കിലെടുത്താണ് പുതിയ നടപടി. അന്വേഷണ സമിതി കൊല്ലത്ത് എത്തി വിവരങ്ങൾ ശേഖരിക്കും. വിദ്യാർത്ഥികളെയും നേരിട്ട് കാണുമെന്നാണ് വിവരം. ഒന്നിലധികം വിദ്യാർത്ഥികൾ പരീക്ഷ സെന്‍ററിലെ പരിശോധന സംബന്ധിച്ച് പരാതി ഉയർത്തിയിരുന്നു.
കൂടുതൽ വാർത്തകൾ
അടിവസ്ത്രം അഴിപ്പിച്ച സംഭവം; ദേശീയ ബാലാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയ കേസെടുത്തു
അടിവസ്ത്രം അഴിപ്പിച്ച സംഭവം; കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം; ആരോപണം മാത്രമെന്ന് എന്‍ടിഎ
നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ കേസ്