നീറ്റ് പരീക്ഷ തട്ടിപ്പ്: പ്രതിസ്ഥാനത്ത് ഡോക്ടർമാരും, സിബിഐ അന്വേഷണം പണം നൽകിയ മാതാപിതാക്കളിലേക്കും

By Web Team  |  First Published Jul 20, 2022, 7:13 AM IST

ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയ കേസില്‍ കഴിഞ്ഞ ദിവസം എട്ട് പേരെയാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. ദില്ലിയിൽ നിന്നാണ് എട്ട് പേരെയും അറസ്റ്റ് ചെയ്തത്


ദില്ലി: നീറ്റ് പരീക്ഷാ തട്ടിപ്പിന്റെ വ്യാപ്തി വർധിക്കുന്നു. മഹാരാഷ്ട്ര, ബിഹാർ, യു പി സംസ്ഥാനങ്ങളിലും തട്ടിപ്പ് നടന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇവിടങ്ങളിൽ മൂന്ന് പേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. തട്ടിപ്പ് സംഘത്തിൽ ഡോക്ടർമാരും ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം അറസ്റ്റിലായ 8 പ്രതികളിൽ നാല് പേരെ പിടികൂടിയത് പരീക്ഷ ഹാളിൽ നിന്നാണ്. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതുന്നതിന്  സംഘം വാങ്ങിയിരുന്നത് ഇരുപത് ലക്ഷം രൂപയെന്നും മൊഴിയിലുണ്ട്. പണം നൽകിയ വിദ്യാർത്ഥികളുടെ മാതാപിതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.

ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയ കേസില്‍ കഴിഞ്ഞ ദിവസം എട്ട് പേരെയാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. ദില്ലിയിൽ നിന്നാണ് എട്ട് പേരെയും അറസ്റ്റ് ചെയ്തത്. 11 പേർക്കെതിരെ സംഭവത്തിൽ സിബിഐ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ദില്ലി, ഹരിയാന സംസ്ഥാനങ്ങളിലെ സെന്‍ററുകളിലാണ് നീറ്റ് പരീക്ഷയ്ക്കിടെ തട്ടിപ്പ് നടന്നത്. കേസുമായി ബന്ധപ്പെട്ട് കൂടൂതൽ അന്വേഷണം നടത്തിയതിൽ നിന്നാണ് ഈ സംഘം മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിച്ചിരുന്നുവെന്ന് മനസിലായത്.

Latest Videos

അതിനിടെ കേരളത്തിൽ നീറ്റ് പരീക്ഷയിൽ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ 5 പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. ഭരണഘടനയുടെ 21ആം അനുച്ഛേദത്തിന്റെ ലംഘനമാണ് നടന്നതെന്ന് കോടതി വിലയിരുത്തി. കൂടുതൽ പ്രതികളെ പിടികൂടാനുള്ളതിനാൽ അഞ്ച് പേർക്കും ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

അടിവസ്ത്രം അഴിപ്പിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതിയെ അംഗങ്ങൾ ആരൊക്കെയാണെന്ന് ഇന്ന് അറിയാം. എൻ ടി എ ഇന്ന് സമിതി അംഗങ്ങളുടെ പേര് പുറത്തുവിടും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കം സമിതിയിലുണ്ടെന്നാണ് സൂചന. എൻ ടി എ യിൽ നിന്നും പ്രതിനിധികൾ ഉണ്ടാകും. സമിതി അംഗങ്ങൾ രണ്ട് ദിവസത്തിനകം കേരളത്തിൽ എത്തുമെന്നാണ് വിവരം.
 

click me!