'അനിയത്തിക്ക് കൊടുക്കാൻ ഒരു കഷ്ണം കേക്ക് ചോദിച്ചു മേടിച്ച് പോയതാണ്'; നോവായി നേദ്യ; വിങ്ങിപ്പൊട്ടി നാട്

By Web Desk  |  First Published Jan 2, 2025, 4:17 PM IST

കണ്ണൂർ വളക്കൈയിൽ ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തിലാണ് നേദ്യയെന്ന പതിനൊന്നുകാരിക്ക് ജീവൻ നഷ്ടപ്പെട്ടത്. 


കണ്ണൂർ: സ്കൂളിലെ പുതുവത്സരാഘോഷം കഴിഞ്ഞ് അനിയത്തിക്ക് കൊടുക്കാൻ ഒരു കഷ്ണം കേക്കും ചോദിച്ച് വാങ്ങിയാണ് നേദ്യ വീട്ടിലേക്ക് മടങ്ങിയത്. കലാമത്സരങ്ങളി‍ൽ നേടിയ സമ്മാനങ്ങളുമുണ്ടായിരുന്നു അവളുടെ ബാ​ഗിൽ. നിനച്ചിരിക്കാതെ എത്തിയ മരണം കൊണ്ടുപോയ പ്രിയപ്പെട്ട നേദ്യയെ ഓർത്ത് വിങ്ങിപ്പൊട്ടുകയാണ് അവളുടെ അധ്യാപകരും കൂട്ടുകാരും. കുറുമാത്തൂര്‍ ചിന്മയ സ്കൂളിൽ പൊതുദർശനത്തിനെത്തിച്ച നേദ്യയുടെ മൃതദേഹത്തിന് മുന്നിൽ അവരൊന്നടങ്കം വിങ്ങിപ്പൊട്ടി. കണ്ണൂർ വളക്കൈയിൽ ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തിലാണ് നേദ്യയെന്ന പതിനൊന്നുകാരിക്ക് ജീവൻ നഷ്ടപ്പെട്ടത്. 

അവസാനമായി അവൾ ആഘോഷിച്ച സന്തോഷിച്ച മുറിയിൽ തന്നെയാണ് ചേതനയറ്റ നേദ്യയുടെ മൃതദേഹം എത്തിച്ചത്. ഇന്നലെ ഇവിടെ ഹാപ്പിയായിട്ട് നടന്ന പിള്ളേരാ, ഒരിക്കലുമില്ലാത്തൊരു സന്തോഷമായിരുന്നു ഇന്നലെ ഇവിടെ. നേദ്യക്ക് ഒരുപാട് സമ്മാനം കിട്ടിയിരുന്നു. ബാക്കി കൊടുക്കാൻ സമയമില്ലാത്തത് കൊണ്ട് ബാക്കി ഇവിടെ വെച്ചിട്ടുണ്ട്. അനിയത്തിക്ക് വേണ്ടി ഒരു കഷ്ണം കേക്കും വാങ്ങിയാണ് അവൾ പോയത്. ഇതുപോലെ സംഭവിക്കുമെന്ന് ഞങ്ങളൊരിക്കലും കരുതിയില്ല. ഇതിന് വേണ്ടിയാണോ ഞങ്ങളിന്നലെ ന്യൂ ഇയർ ആഘോഷിച്ചത്. മിടുക്കിയായിരുന്നു, നന്നായിട്ട് പഠിക്കുമായിരുന്നു. നേദ്യയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുകയാണ് രക്ഷിതാക്കളും അധ്യാപകരും. പൊതു​ദർശനത്തിന് ശേഷം നേദ്യയുടെ സംസ്കാരം നടന്നു

Latest Videos

ഇന്നലെ കുറുമാത്തൂർ സ്കൂളിലെ ന്യൂഇയർ ആഘോഷമെല്ലാം കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയിലായിരുന്നു പത്തൊൻപത് കുട്ടികൾ. ശ്രീകണ്ഠപുരം തളിപ്പറമ്പ് സംസ്ഥാന പാതയിലേക്ക് എത്തുന്ന ഇടറോഡിലൂടെയാണ് ബസ് വന്നത്. വളവോട് കൂടിയ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു. തെറിച്ചുവീണ കുട്ടി ബസിനടിയിലായി ദാരുണാന്ത്യം സംഭവിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും നേദ്യയെ രക്ഷിക്കാനായില്ല. ഡ്രൈവർ നിസാമിനും ആയ സുലോചനക്കും പതിനെട്ടു കുട്ടികൾക്കും നിസാര പരിക്കേറ്റു. 

പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നിസാമിന്‍റെ മൊഴിയെടുത്തിട്ടുണ്ട്. ഇറക്കത്തിൽ ബസിന്‍റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി.ബസിന് മറ്റ് തകരാറുകൾ ഉണ്ടായിരുന്നോ എന്നതിൽ മോട്ടോർ വാഹന വകുപ്പ് വിശദ പരിശോധന നടത്തും. അപകട സമയത്ത് ഡ്രൈവർ ഫോൺ ഉപയോഗിച്ചിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്.അശാസ്ത്രീയമായി നിർമിച്ച റോഡും ഡ്രൈവറുടെ ശ്രദ്ധക്കുറവും അപകടകാരണമായെന്നാണ് എംവിഡി പ്രാഥമിക നിഗമനം.

click me!