മന്ത്രിസ്ഥാനത്തിനുള്ള തന്‍റെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് തോമസ് കെ തോമസ് തുറന്നടിച്ചു
തിരുവനന്തപുരം:മന്ത്രി സ്ഥാനം വൈകുന്നതിൽ കടുത്ത അതൃപ്തിയുമായി എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസ്. മന്ത്രിസ്ഥാനത്തിനുള്ള തന്‍റെ അയോഗ്യത എന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് തോമസ് കെ തോമസ് തുറന്നടിച്ചു. ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുമെന്നും തോമസ് കെ തോമസ് പറഞ്ഞു.
ശരത് പാവറിന്റ കത്ത് നൽകിയിട്ടും മുഖ്യമന്ത്രി പരിഗണിക്കാത്തത്തിലുള്ള രോഷമാണ് തോമസ് കെ തോമസ് പ്രകടിപ്പിച്ചത്. മൂന്നു ദിവസത്തിനുള്ളിൽ നിലപാട് വ്യക്തമാക്കണമെന്ന് തോമസ് കെ തോമസ് പിസി ചാക്കോയെ അറിയിച്ചു. ഒരാളെ അപമാനിക്കുന്നതിനു പരിധി ഉണ്ടെന്നും തന്നെ തകര്‍ക്കാൻ ശ്രമിക്കുകയാണെന്നും തോമസ് കെ തോമസ് പറഞ്ഞു.
തന്‍റെ മന്ത്രിസ്ഥാനത്തിൽ അനിശ്ചിതത്വം എന്താണെന്നു അറിയില്ലെന്നും തന്‍റെ പേരിൽ സാമ്പത്തിക ക്രമക്കേട് എന്താണ് ഉള്ളത് എന്ന് അറിയില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. ഒരു പത്രം അത്തരത്തിൽ വാര്‍ത്ത നല്‍കി. എന്ത് കൊണ്ടാണ് മന്ത്രി സ്ഥാനം തട്ടികളിക്കുന്നത് എന്ന് അറിയില്ല. തനിക്ക് എന്തെങ്കിലും അയോഗ്യ ഉണ്ടോ എന്ന് ജനം ആണ് പറയേണ്ടത്. മന്ത്രി സ്ഥാനം വൈകാൻ പാടില്ല.
എന്താണ് തോമസ് കെ തോമസിന്‍റെ അയോഗ്യത എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇനിയും നീട്ടികൊണ്ട് പോകാൻ ആകില്ല. സാമ്പത്തിക ക്രമക്കേട് തന്‍റെ പേരിൽ ഉണ്ട് എന്ന് മറ്റാരോ പ്രചരിപ്പിക്കുകയാണ്. അതിന് പിന്നിൽ ചിലർ ഉണ്ട്. കുട്ടനാട് നോട്ടമിട്ട് നിൽക്കുന്ന പലരും ഉണ്ട്. പാർട്ടിക്ക് പുറത്തും ഉണ്ട്. അത്തരം ആളുകൾ ഈ പ്രചരണതിന് പിന്നിൽ ഉണ്ടാകാമെന്നും ഒരാഴ്ചയ്ക്ക് ഉള്ളിൽ തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയാണെന്നും തോമസ് കെ തോമസ് പറഞ്ഞു.
എ കെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപി നീക്കം ഇന്നലെ മുഖ്യമന്ത്രി അംഗീകരിച്ചിരുന്നില്ല. തോമസ് കെ തോമസിന്‍റെ കാര്യത്തിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ച മുഖ്യമന്ത്രി കാത്തിരിക്കണമെന്ന് എൻസിപി നേതാക്കളോട് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. കാത്തിരിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ എകെ ശശീന്ദ്രൻ മന്ത്രിയായി തുടരുമെന്ന സ്ഥിതി വന്നതോടെയാണ് തോമസ് കെ തോമസ് കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയത്.
ദേശീയ-സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടും മന്ത്രിയായി തുടരാൻ കഴിഞ്ഞത് എ കെ ശശീന്ദ്രന് തല്‍ക്കാലത്തേക്ക് ആശ്വാസമാകുകയാണ്. പിസി ചാക്കോയുടെയും തോമസ് കെ തോമസിന്‍റെയും അവസാനവട്ട നീക്കത്തിന് മുഖ്യമന്ത്രിയാണ് തടയിട്ടത്. ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാനാണ് പാർട്ടി തീരുമാനമെന്ന കാര്യം എൻസിപി നേതാക്കൾ ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയെ അറിയിച്ചത്. ചാക്കോക്കും തോമസിനുമൊപ്പം ശശീന്ദ്രനും ഒപ്പമുണ്ടായിരുന്നു. പക്ഷെ തോമസ് ഉൾപ്പെട്ട ചില വിവാദങ്ങൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിൽ ചില വിശദീകരണത്തിന് തോമസ് ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി കാത്തിരിക്കാൻ ആവശ്യപ്പെട്ടതോടെയാണ് ശശീന്ദ്രൻ വീണ്ടും സേഫായത്.
മുഖ്യമന്ത്രിയുടെ നിലപാട് ചാക്കോ ശരത് പവാറിനെ അറിയിക്കും. അതേസമയം, വൈകിയാലും മന്ത്രിമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചാക്കോയും തോമസ് കെ തോമസും. മന്ത്രി പാർട്ടിയുടെ ആഭ്യന്തരകാര്യമായിരിക്കെ അതിൽ മുഖ്യമന്ത്രി തടയിടുന്നതിൽ കടുത്ത അതൃപ്തിയിലാണ് ചാക്കോ. സസ്ഥാന പ്രസിഡന്‍റും ദേശീയ അധ്യക്ഷനനും കൈകോർത്തിട്ടും മന്ത്രിസ്ഥാനത്ത് തുടരാനയതിന്‍റെ ആശ്വാസത്തിലാണ് ശശീന്ദ്രൻ.