അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും ബൃഹത്തായ തിരച്ചിലാണ് കൊല്ലത്ത് കണ്ടത്. ജനങ്ങൾ ഒരുമിച്ച് ഇറങ്ങി തിരച്ചിൽ നടത്തി. എന്നാൽ കുട്ടിയെ കണ്ടെത്തുന്നതിലും പ്രതികളെ പിടികൂടുന്നതിലും പൊലീസിന് വീഴ്ച പറ്റിയെന്ന് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കോട്ടയം: കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കുറ്റവാളികളെ ഇതുവരെ പിടികൂടാൻ സാധിക്കാത്തത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും ബൃഹത്തായ തിരച്ചിലാണ് കൊല്ലത്ത് കണ്ടത്. ജനങ്ങൾ ഒരുമിച്ച് ഇറങ്ങി തിരച്ചിൽ നടത്തി. എന്നാൽ കുട്ടിയെ കണ്ടെത്തുന്നതിലും പ്രതികളെ പിടികൂടുന്നതിലും പൊലീസിന് വീഴ്ച പറ്റിയെന്ന് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ആശ്രാമം മൈതാനം പോലൊരു സ്ഥലത്ത് എങ്ങനെ ക്രിമിനലുകൾക്ക് കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളയാൻ സാധിച്ചു. പൊലീസിൻ്റെ തിരച്ചിൽ സംവിധാനങ്ങളുടെ പരാജയമാണിത്. ഇത് കേരള പൊലീസിന് നാണക്കേടാണ്. എഐ ക്യാമറകൾക്ക് ക്രിമിനൽ പ്രവർത്തനങ്ങൾ തടയാൻ സാധിക്കില്ലെന്ന് മനസിലായി കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷം കൊണ്ട് 150 ലേറെ കുട്ടികളാണ് കേരളത്തിൽ നിന്നും കാണാതായിരിക്കുന്നത്. ഒരാൾ വിചാരിച്ചാൽ പോലും ഇവിടെ എന്ത് കുറ്റകൃത്യവും ചെയ്യാമെന്ന സാഹചര്യമാണുള്ളത്.
undefined
കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ നടന്ന ബോംബ് സ്ഫോടനം ഇതിന് ഉദാഹരണമാണ്. അതേ സ്ഥലത്ത് തന്നെയാണ് കുസാറ്റിലെ വിദ്യാർത്ഥികൾ നടത്തിയ സംഗീതനിശയിൽ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ചത്. അവിടെയും പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ല. പൊലീസിന്റെ വീഴ്ച മറച്ചുവെക്കാനാണ് മുഹമ്മദ് റിയാസിനെ പോലുള്ളവർ വിടുവായത്തം പറയുന്നത്. റിയാസിന്റെ പ്രസ്താവന അപക്വമാണ്. മുഖ്യമന്ത്രിയെ പുകഴ്ത്താൻ മരുമകൻ തന്നെ പിആർ ഏറ്റെടുത്തിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
നവകേരള നുണ സദസാണ് കേരളത്തിൽ നടക്കുന്നത്. 56,000 കോടി രൂപ കുടിശ്ശിക കേരളത്തിന് കേന്ദ്രം നൽകാനുണ്ടെന്നായിരുന്നു ഇവർ ആദ്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ അത് ഒറ്റയടിക്ക് 5000 കോടി കുടിശ്ശികയായി കുറഞ്ഞു. കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞതിനൊന്നും മറുപടിയില്ലാതെ വ്യാജ പ്രചരണം നടത്തുകയാണ് സംസ്ഥാന മന്ത്രിമാർ. കേന്ദ്ര പദ്ധതികൾ പേര് മാറ്റി അടിച്ചുമാറ്റുകയാണ് സംസ്ഥാനം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ ഭരണ നേട്ടമായി കേന്ദ്ര പദ്ധതികൾ അവതരിപ്പിക്കുന്ന നാണംകെട്ട പരിപാടി സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് 56,000 കോടി അധികം നൽകിയത് മോദി സർക്കാരാണെന്നും ബിജെപി അദ്ധ്യക്ഷൻ ചൂണ്ടിക്കാണിച്ചു.
സ്കൂൾ കുട്ടികളെ നവകേരള സദസിൽ പങ്കെടുപ്പിക്കുന്നത് ഹൈക്കോടതി ചോദ്യം ചെയ്തിട്ടും അത് തുടരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം മതിൽപൊളിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ചിലവ് കുറയ്ക്കാനാണെന്ന് പറഞ്ഞിട്ട് ധൂർത്താണ് നവകേരള സദസിൽ നടക്കുന്നത്. വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കേസ് പൊലീസ് ഒതുക്കിതീർക്കുകയാണ്. രാജ്യദ്രോഹ കുറ്റമാന്നെന്ന് മുഖ്യമന്ത്രി പറഞ്ഞ കേസിലാണ് ഈ ഒത്തുതീർപ്പ് നടക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യങ്ങൾക്ക് എതിരായ ബില്ലുകൾ ചോദ്യം ചെയ്യപ്പെടണമെന്ന് ഗവർണർ -സർക്കാർ പോരിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര സർക്കാർ വനം-പരിസ്ഥിതി നിയമങ്ങൾ ഭേദഗതി ചെയ്തു. കർഷകർക്ക് കേന്ദ്ര സർക്കാർ നിയമത്തിലൂടെ ലഭിച്ച ആനുകൂല്ല്യങ്ങൾ ഇല്ലാതാക്കാൻ ഭൂപതിവ് ചട്ട നിയമം സംസ്ഥാന സർക്കാർ കൊണ്ടുവന്നു. ഇതിൽ എങ്ങനെയാണ് ഗവർണർ ഒപ്പിടുക? ലോകായുക്തയുടെ അധികാരങ്ങൾ ഇല്ലാതാക്കുന്ന നിയമത്തെ ഗവർണർ അനുകൂലിക്കണോ? ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും തകർക്കുന്ന സർക്കാരിൻന്റെ നീക്കത്തെ ഗവർണർ പിന്തുണയ്ക്കണോയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ, ജനറൽസെക്രട്ടറി രതീഷ് എന്നിവരും സംബന്ധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം