മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഭൂമി വില വളരെ ഉയര്‍ന്നതാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെത്തുടര്‍ന്നാണ് ഭൂമി വിലയുടെ 25 ശതമാനം നല്‍കാന്‍ കേരളം തയ്യാറായത്.
കോഴിക്കോട്: ഭൂമിയേറ്റെടുക്കാനുളള തുകയുടെ 25 ശതമാനം നല്‍കാമെന്ന് ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടും കേരളത്തിലെ ദേശീയ പാത വികസനത്തില്‍ മെല്ലെപ്പോക്ക്. ആദ്യ ഗഡുവായി 350 കോടി രൂപ കേരളം അനുവദിച്ചെങ്കിലും ഈ തുക ഏത് അക്കൗണ്ടിലേക്ക് നല്‍കണമെന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും തര്‍ക്കം തുടരുകയാണ്. ധാരണപത്രം ഒപ്പിട്ട് നാല് മാസമായിട്ടും ആശയക്കുഴപ്പം ബാക്കിയാണ്.
കേരളത്തിലെ ദേശീയ പാത വികസനം സംബന്ധിച്ച് ദേശീയ പാത അതോറിറ്റി നല്‍കിയ കണക്ക് പ്രകാരം ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ ഒഴികെ നഷ്ടപരിഹാര വിതരണം എങ്ങുമെത്തിയിട്ടില്ല. ഈ പ്രശ്നം പരിഹരിക്കാനായിരുന്നു കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ധാരണപത്രം ഒപ്പുവച്ചത്. എന്നിട്ടും കാര്യങ്ങളില്‍ പുരോഗതിയില്ല.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഭൂമി വില വളരെ ഉയര്‍ന്നതാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെത്തുടര്‍ന്നാണ് ഭൂമി വിലയുടെ 25 ശതമാനം നല്‍കാന്‍ കേരളം തയ്യാറായത്. കേരളത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ മാത്രം 24,027 കോടി രൂപ വേണ്ടി വരുമെന്നാണ് ദേശീയ പാത അതോറിറ്റിയുടെ കണക്ക്. അതായത് ദേശീയ പാത വികസനത്തിനായി 6000കോടിയോളം രൂപയുടെ ബാധ്യത ഏറ്റെടുക്കാന്‍ കേരളം തയ്യാറായി.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ പൊതുമരാമത്ത് വകുപ്പും കിഫ്ബിയും ദേശീയ പാത അതോറിറ്റിയും ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പിടുകയും ആദ്യ ഗഡുവായി 350 കോടി രൂപ കൈമാറുകയും ചെയ്തു. കിഫ്ബിയില്‍ നിന്ന് പൊതുമരാമത്ത് വകുപ്പിന്‍റെ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. കിഫ്ബിയില്‍ നിന്ന് ഒരു സര്‍ക്കാര്‍ ഏജന്‍സി വഴിയേ പണം കൈമാറാവൂ എന്ന വ്യവസ്ഥയെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുളള കോപീറ്റന്‍റ് അതോറിറ്റി ഫോര്‍ ലാന്‍ഡ് അക്വിസിഷന്‍(കാല) അക്കൗണ്ടിലേക്കാണ് പണം നല്‍കേണ്ടതെന്നും അവിടെനിന്നാണ് കേന്ദ്ര വിഹിതമായ 75 ശതമാനം കൂടി ഉള്‍പ്പെടുത്തി ഭൂമി നല്‍കിയവര്‍ക്കുളള നഷ്ടപരിഹാരം അതാത് ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് കൈമാറുമെന്നും ദേശീയ പാത അതോറിറ്റി വിശദീകരിക്കുന്നു. ധാരണാപത്രത്തില്‍ ഇത്തരം കാര്യങ്ങളൊന്നുമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം.
ഏതായാലും ധാരണ പത്രം ഒപ്പിട്ട് നാല് മാസമായിട്ടും ആദ്യ ഗഡുവായ 350 കോടി ഏത് അക്കൗണ്ടിലേക്ക് കൊടുക്കണമെന്ന കാര്യത്തില്‍ നിര്‍ദ്ദേശമൊന്നും കിട്ടിയിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഉടന്‍ നല്‍കുമെന്നാണ് ദേശീയ പാത അതോറിറ്റി വിശദീകരണം. ഏതായാലും ധാരണ പത്രമനുസരിച്ചുളള കാര്യങ്ങള്‍ യഥാര്‍ത്ഥ്യമായാലേ ഭൂവുടമകള്‍ക്ക് ഇനിയുളള നഷ്ടപരിഹാരം കിട്ടൂ. കാസര്‍കോട് ജില്ലയില്‍ ഇതുവരെ 500 കോടിയോളം രൂപ ഭൂമി വിട്ടു നല്‍കിയവര്‍ക്ക് നല്‍കിയിട്ടുണ്ട്. ബാക്കിയുളള തുക കിട്ടാന്‍ ധാരണ പത്രമനുസരിച്ചുളള കാര്യങ്ങള്‍ നടപ്പാകണം.