സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനം എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു.
ദില്ലി: കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയ കേസെടുത്തു. പരാതി നൽകിയ വിദ്യാർത്ഥിനി പ്രായപൂർത്തിയാകാത്തതിനാലാണ് ബാലാവകാശ കമ്മീഷൻ കേസെടുക്കുന്നത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനം എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതൽ പെണ്‍കുട്ടികൾ രംഗത്തെത്തി. വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികൾ പറയുന്നു. അടിവസ്‌ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളേജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികൾ പരാതിപ്പെടുന്നു. എന്നാല്‍, താൻ നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എൻ ജെ ബാബു പറയുന്നത്. വിവാദം നാഷണൽ ടെസ്റ്റിംഗ് ഏജൻസി അന്വേഷിക്കും. ഇവരുടെ അന്വേഷണത്തിനൊടുവിൽ തുടര്‍നടപടി സ്വീകരിക്കുമെന്നും നീറ്റ് ജില്ലാ കോ - ഓർഡിനേറ്റർ അറിയിച്ചു.
സംഭവത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡി വൈ എസ് പി പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി പരീക്ഷാ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. കോളേജ് അധികൃതരിൽ നിന്നും മൊഴിയെടുക്കും.
കേരള സംസ്ഥാന യുവജന കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. കൊല്ലം ആയൂരിലെ കോളേജിൽ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചതായി പരാതിയിൽ പറയുന്നത്. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവിയോടും കോളേജ് അധികൃതരോടും സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ യുവജന കമ്മീഷൻ ആവശ്യപെട്ടു. മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. കമ്മീഷൻ അംഗം ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കൊല്ലം റൂറൽ എസ്‍പിക്കാണ് നിർദേശം നൽകിയത്.