കേസിൽ അറസ്റ്റിലായ ഭർത്താവും പ്രകാശനും പുറത്ത് ഇറങ്ങിയാൽ ഉപദ്രവിക്കുമോ എന്ന് പേടിയുണ്ടെന്ന് യുവതി
കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്നപൂജ നടത്താൻ പ്രേരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരിയായ യുവതി. നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടത് ഭർത്താവിന്റെ സുഹൃത്തായ പ്രകാശനാണെന്നും ഭർത്താവിന്റെ മേൽ ബ്രഹ്മരക്ഷസ് ഉണ്ടെന്ന് പറഞ്ഞാണ് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു. നഗ്നപൂജ നടത്തിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞുവെന്നും മുമ്പ് പലയിടത്തും ഇത്തരത്തിൽ പൂജ നടത്തിയെന്നാണ് പറഞ്ഞതെന്നും അവർ പറഞ്ഞു. തന്റെ മേൽ ബാധ ഉണ്ടെന്നാണ് ഇയാൾ ഭർത്താവിനോട് പറഞ്ഞത്. ഭർത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. സഹിക്കാൻ കഴിയാതെ വന്നത്തോടെയാണ് പോലീസിൽ പരാതി നൽകിയത്. കേസിൽ അറസ്റ്റിലായ ഭർത്താവും പ്രകാശനും പുറത്ത് ഇറങ്ങിയാൽ ഉപദ്രവിക്കുമോ എന്ന് പേടിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കുടുംബത്തിൽ പ്രശ്നങ്ങളെന്ന് പറഞ്ഞാണ് ഭർത്താവ് പ്രകാശനെ കൂട്ടിക്കൊണ്ടുവന്നതെന്ന് യുവതി പറഞ്ഞു. വീട്ടിലെത്തിയ പ്രകാശൻ പുട്ടുണ്ടാക്കുന്ന കുടത്തിൽ വെള്ളമെടുത്ത് ചുവപ്പ് നിറം വരുത്താൻ പൊടി കലക്കുന്നത് താൻ കണ്ടതാണ്. അത് ദേഹത്ത് കയറിയ ബാധയുടെ രക്തമാണെന്ന് പറഞ്ഞു. അതിൻ്റെ ശക്തി കൊണ്ടാണ് ഭർത്താവുമായുള്ള സംഘർഷമെന്നും പ്രകാശൻ പറഞ്ഞു. എന്നാൽ വീട്ടിലെ കലഹത്തിന് കാരണം അതല്ല. തൻ്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്. കല്യാണം കഴിഞ്ഞിട്ട് നാല് വർഷമായി താൻ അനുഭവിക്കുന്നതാണ്. പ്രകാശൻ പോയ ഉടൻ വിവരം താൻ ഉമ്മയെ അറിയിച്ചു. പ്രകാശൻ രാത്രി വീണ്ടും വന്നു. അപ്പോഴാണ് നഗ്ന പൂജ ചെയ്യണമെന്ന് ആവശ്യപ്പെട്ടതെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.