ജയരാജൻമാർ പുരോഗമനരാഷ്ട്രീയ കേരളത്തിന് അപമാനമാണ്.മനോനില തെറ്റി എന്തൊക്കെയോ വിളിച്ചു കൂവുന്ന ജയരാജന്മാരുടെ തലയ്ക്ക് നെല്ലിക്കാത്തളം വയ്ക്കുവാനുള്ള ചിലവ് കെഎസ്‌യു സംസ്ഥാന കമ്മിറ്റി വഹിച്ചുകൊള്ളാമെന്നും പരിഹാസം
തിരുവനന്തപുരം: ജയരാജൻമാർ പുരോഗമനരാഷ്ട്രീയ കേരളത്തിന് അപമാനമാമെന്ന് കെഎസ് യു സംസ്ഥാന കമ്മറ്റി കുറ്റപ്പെടുത്തി.രാഷ്ട്രീയ വൈര്യം കൊണ്ട് എന്തും വിളിച്ചു പറയാം എന്നുള്ള നിലയിലാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍റേയും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റേയും പ്രവർത്തികൾ. സമരം ചെയ്യുന്നവരോടും വിമർശിക്കുന്നവരോടും പരിഹാസവും അവഹേളനവും സ്ത്രീവിരുദ്ധദതയും വംശീയ- വർഗീയ അധിക്ഷേപങ്ങളും എൽ.ഡി.എഫ് അവസാനിപ്പിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫലിനെ ഒസാമ ബിൻ ലാദനുമായി ഉപമിക്കുന്നത് എം.വി ജയരാജന്‍റെ ഉള്ളിൽ നിലനിൽക്കുന്ന വർഗീയത തന്നെയാണ്. പാന്‍റ്സും ഷർട്ടും ധരിച്ച് ആൺ വേഷത്തിൽ സമരം ചെയ്യുന്നവർ എന്നുള്ള പ്രയോഗത്തിലൂടെ ഇ പി ജയരാജന്‍റെ ഉള്ളിലെ സ്ത്രീവിരുദ്ധതയും കാണുവാൻ സാധിക്കും. ഇടതുമുന്നണിയുടെ പൊള്ളയായ പുരോഗമന മുഖംമൂടിയാണ് ഇവിടെ അഴിഞ്ഞു വീഴുന്നത്. ജൻഡർ ന്യൂട്രൽ നിലപാടുകൾ എടുക്കുന്ന ഇടതുമുന്നണി ചുരുങ്ങിയത് എൽ ഡി എഫ് കൺവീനറെ എങ്കിലും അത് എന്താണെന്ന് പഠിപ്പിച്ചു കൊടുക്കണം. ബിജെപിയുടെ വർഗീയതയെ വിമർശിക്കുന്നവർ ചുരുങ്ങിയത് സ്വന്തം ഉള്ളിലെ വർഗീയ മനോഭാവത്തെ എങ്കിലും തിരിച്ചറിയേണ്ടതുണ്ട്. മനോനില തെറ്റി എന്തൊക്കെയോ വിളിച്ചു കൂവുന്ന ജയരാജന്മാരുടെ തലയ്ക്ക് നെല്ലിക്കാത്തളം വയ്ക്കുവാനുള്ള ചിലവ് കെഎസ്‌യു സംസ്ഥാന കമ്മിറ്റി വഹിച്ചുകൊള്ളാമെന്നും സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ പരിഹസിച്ചു