ആരോഗ്യമന്ത്രിക്കെതിരെയുള്ള പ്രസ്താവനയിൽ മുല്ലപ്പള്ളി പരസ്യമായി മാപ്പു പറഞ്ഞാലും ജനം പൊറുക്കില്ലെന്നു ജയരാജൻ
കണ്ണൂര്‍: കൊവിഡിനെക്കാൾ മാരകമായ വിഷമുള്ള വൈറസാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. അൽപ്പനായ മുല്ലപ്പളളിക്ക് കമ്മ്യൂണിസ്റ്റ് ജ്വരമാണ്. ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെയുള്ള പ്രസ്താവനയിൽ മുല്ലപ്പള്ളി പരസ്യമായി മാപ്പു പറഞ്ഞാലും ജനം പൊറുക്കില്ലെന്നു ജയരാജൻ കൂട്ടിച്ചേര്‍ത്തു.
അതേ സമയം പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി മുല്ലപ്പള്ളി പ്രതികരിച്ചു. രാജകുമാരിയെന്നും റാണിയെന്നും പറഞ്ഞതിൽ എന്താണ് തെറ്റെന്നും മുല്ലപ്പള്ളി ചോദിച്ചു. 'നിപ പ്രവർത്തനത്തിൽ ആരോഗ്യമന്ത്രി ശ്ലാഘനീയ പ്രവർത്തനം നടത്തിയില്ല' . നിപ സമയത്ത് ആരോഗ്യമന്ത്രി ഗസ്റ്റ് ആർട്ടിസ്റ്റായിരുന്നു. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം മാധ്യമങ്ങൾ നൽകി. പ്രസ്താവനയിൽ ആരും അതൃപ്തി അറിയിച്ചിട്ടില്ല. സാധാരണ പ്രവർത്തകരുടെ പിന്തുണ ഉണ്ടെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
undefined
കൊവിഡ് റാണി പരാമർശം, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് മുല്ലപ്പള്ളി
ഇന്നലെയാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ ആരോഗ്യമന്ത്രി കെകെ ശൈലജയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയത്. 'പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് പകരം പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്'. 'നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി' എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ആരോഗ്യമന്ത്രി നടത്തുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.