ദേവസ്വം മന്ത്രിയുടെ 'അയിത്തം' വെളിപ്പെടുത്തൽ ഇന്ത്യൻ പാർലമെന്‍റിലും! ചർച്ചയാക്കിയത് അബ്ദുൾ വഹാബ് എംപി

By Web Team  |  First Published Sep 21, 2023, 6:54 PM IST

ജാതി വ്യവസ്ഥ ഇക്കാലത്തും എത്രത്തോളം ശക്തമാണെന്നതാണ് വിഷയം പാർലമെന്‍റിൽ ഉന്നയിച്ച അബ്ദുൾ വഹാബ് എം പി ചൂണ്ടികാട്ടിയത്


ദില്ലി: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍റെ 'അയിത്തം' വെളിപ്പെടുത്തൽ ഇന്ത്യൻ പാർലമെന്‍റിലും ചർച്ചയായി. മുസ്ലിം ലീഗ് എം പി അബ്ദുൾ വഹാബാണ് വിഷയം രാജ്യസഭയിൽ ചർച്ചയിൽ ഉന്നയിച്ചത്. ജാതി വ്യവസ്ഥ ഇക്കാലത്തും എത്രത്തോളം ശക്തമാണെന്നതാണ് വിഷയം പാർലമെന്‍റിൽ ഉന്നയിച്ച അബ്ദുൾ വഹാബ് എം പി ചൂണ്ടികാട്ടിയത്. ജാതി വ്യവസ്ഥക്കെതിരെ കേരളത്തിൽ ദേവസ്വം മന്ത്രിക്ക് പ്രതികരിക്കേണ്ടി വന്നുവെന്നും അദ്ദേഹം വിവരിച്ചു. കേരളത്തിൽ പോലും ഇതാണ് സ്ഥിതിയെന്നും വഹാബ് ചൂണ്ടികാട്ടി.

മന്ത്രി രാധാകൃഷ്ണന്‍റെ 'അയിത്തം' വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി; 'നടപടി ഉണ്ടാകും'

Latest Videos

അതേസമയം കെ രാധാകൃഷ്ണന്‍റെ കണ്ണൂരിലെ 'അയിത്തം' വെളിപ്പെടുത്തൽ കേരളത്തിൽ വലിയ ചർച്ചയായി തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ സംഭവത്തിൽ രാധാകൃഷ്ണനെ പിന്തുണച്ചെത്തിയിരുന്നു. സംഭവം ഞെട്ടിപ്പിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തിൽ യുക്തമായ നടപടിയുണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. രാധാകൃഷ്ണനുമായി നേരിട്ട് സംസാരിച്ച ശേഷം അദ്ദേഹത്തിന്‍റെ കൂടി അഭിപ്രായം അറിഞ്ഞശേഷം യുക്തമായ നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ദേവസ്വം മന്ത്രി രാധാകൃഷ്ണന് ജാതീയമായ വിവേചനം നേരിടേണ്ടിവന്നുവെന്ന പ്രശ്‌നം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടത്.

പയ്യന്നൂരിലെ ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടായ സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതമായ മൗനമെന്നാണ് കെ പി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഇന്ന് അഭിപ്രായപ്പെട്ടത്. സംഭവത്തിൽ സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്നും പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാരിനും സി പി എമ്മിനും ആത്മാർഥതയുണ്ടാകണം. കുറ്റക്കാരെ പൗരോഹിത്യ ചുമതലകളിൽ നിന്നും പുറത്താൻ നടപടിയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ ക്ഷേത്രത്തില്‍ വെച്ച് തനിക്ക് ജാതി വിവേചനം നേരിടേണ്ടിവന്നുവെന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് യോഗക്ഷേമ സഭയുടെ നിലപാട്. മന്ത്രിയുടെ ശ്രമം വാര്‍ത്ത സൃഷ്ടിക്കാനാണെന്നും തെറ്റായ സന്ദേശം നല്‍കുന്നതാണെന്നുമാണ് യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന്‍റെ പക്ഷം. ക്ഷേത്ര പുരോഹിതന്മാര്‍ ആചാരനിഷ്ഠ പാലിക്കുകയാണ് ചെയ്തതെന്നുമാണ് അദ്ദേഹം ചൂണ്ടികാട്ടിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!