കെപിസിസിയുടെ സമുന്നതനായ നേതാവാണ് മുല്ലപ്പള്ളി. പരമാര്‍ശം ഒഴിവാക്കാമായിരുന്നു. ഇതിന്റെ പേരിൽ പ്രതിപക്ഷത്തെ കരുണയില്ലാതെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയോട് യോജിപ്പില്ല
മലപ്പുറം: ആരോഗ്യമന്ത്രി കെകെ ശൈലജയെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റിന്‍റെ നടപടി വിവാദമായതോടെ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്ലീംലീഗ്. കെപിസിസിയുടെ സമുന്നതനായ നേതാവാണ് മുല്ലപ്പള്ളി. ആരോഗ്യമന്ത്രിക്ക് എതിരായ പരമാര്‍ശം ഒഴിവാക്കാമായിരുന്നു എന്നാണ് ലീഗ് നിലപാട്. പ്രസ്താവനയുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും മുല്ലപ്പള്ളിക്കാണ്. അത് യുഡിഎഫിന്‍റെ അഭിപ്രായം അല്ലെന്നും മുസ്ലീം ലീഗ് നിലപാടെടുത്തു.
എന്തു പറയണം എന്ന് തീരുമാനിക്കേണ്ടത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെയാണ്. പ്രസ്താവന പിൻവലിക്കണോ വേണ്ടയോ എന്ന നിലപാടെടുക്കേണ്ടതും അദ്ദേഹമാണ്. എന്നാൽ പറഞ്ഞത് ശരിയായില്ലെന്നും വ്യക്തിപരമായ പരാമര്‍ശം ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ലീഗിന്‍റെ അഭിപ്രായമെന്നും കെപിഎ മജീദ് പറഞ്ഞു.
undefined
അതേ സമയം മുല്ലപ്പള്ളിയുടെ പ്രസ്താവന ആയുധമാക്കി യുഡിഎഫിനെതിരെ ആയുധമാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടി അപലപനീയമാമെന്നും ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞു. ഇതിന്റെ പേരിൽ പ്രതിപക്ഷത്തെ കരുണയില്ലാതെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയോട് യോജിപ്പില്ല.
നിപ്പാ രാജകുമാരിയും കൊവിഡ് റാണിയുമാകാൻ ശ്രമിക്കുകയാണ് ആരോഗ്യമന്ത്രി കെകെ ശൈലജയെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന വലിയ ഒച്ചപ്പാടാണ് കോൺഗ്രസിനും യുഡിഎഫിനും അകത്തും മുന്നണിക്ക് പുറത്തും ഉണ്ടായത്. കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗവും മുന്നണിക്കകത്തെ പാര്‍ട്ടികളുമെല്ലാം മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ലീഗിന്‍റെ തുറന്ന് പറച്ചിലെന്നതും ശ്രദ്ധേയമാണ്.
യുഡിഎഫിന്‍റെ രണ്ടാം കക്ഷി തന്നെ പരസ്യമായി രംഗത്തെത്തിയതോടെ കെപിസിസി പ്രസിഡന്റും കോൺഗ്രസ് നേതൃത്വവും ആരോഗ്യ മന്ത്രിക്കെതിരായ പ്രസ്താവനയുടെ പേരിൽ പ്രതിരോധത്തിലായിരിക്കുകയാണ്