വിദേശത്തെ കൊവിഡ് ടെസ്റ്റ്: പ്രവാസികൾ വരേണ്ടെന്ന നിലപാടാണ് സർക്കാരിനെന്ന് മുസ്ലിം ലീഗ്

By Web Team  |  First Published Jun 13, 2020, 3:42 PM IST

തിരികെ വരുന്ന പ്രവാസികൾ ഇവിടെ വന്ന് കോവിഡ് ടെസ്റ്റ് നടത്തണം. വിദേശത്ത് ടെസ്റ്റ് നടത്തണമെന്ന  സർക്കാർ തീരുമാനം ശരിയല്ല. ഇത് അപ്രായോഗികമാണ്


കോഴിക്കോട്: ചാർട്ടേർഡ് വിമാനങ്ങളിൽ വിദേശത്ത് നിന്നും കേരളത്തിലേക്ക് തിരികെ വരുന്ന പ്രവാസികൾ കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമേ വിമാനത്തിൽ കയറാവൂ എന്ന നിലപാടിനെതിരെ മുസ്ലിം ലീഗ്. സർക്കാരിന്റെ പുതിയ ഉത്തരവ് പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിൽ വെറുതെ തടസ്സം ഉണ്ടാക്കുന്നതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. 

തിരികെ വരുന്ന പ്രവാസികൾ ഇവിടെ വന്ന് കോവിഡ് ടെസ്റ്റ് നടത്തണം. വിദേശത്ത് ടെസ്റ്റ് നടത്തണമെന്ന  സർക്കാർ തീരുമാനം ശരിയല്ല. ഇത് അപ്രായോഗികമാണ്. ഉത്തരവ് പ്രവാസികൾ വരണ്ട എന്ന സർക്കാർ നിലപാടാണ് വ്യക്തമാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. പാർട്ടി ഉന്നതാധികാര സമിതി യോഗത്തിന് ശേഷമായിരുന്നു പ്രതികരണം.

Latest Videos

undefined

വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ പറഞ്ഞു. വന്ദേ ഭാരതിന് കൊവിഡ് ടെസ്റ്റ് വേണ്ട. എന്നാൽ ചാർട്ടേഡ് വിമാനത്തിന് വേണമെന്നാണ് പറയുന്നത്. ഇത് പ്രവാസികളിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള സർക്കാർ നീക്കമാണ്. കൊവിഡ് കൂടാൻ കാരണം പ്രവാസികളാണെന്ന് സർക്കാർ പറയുന്നു. കുറ്റം അവരുടെ മേൽ കെട്ടിവെക്കാനുള്ള നീക്കം ചെറുക്കുമെന്നും എം.കെ. മുനീർ വ്യക്തമാക്കി.

അതേസമയം കേരള കോൺഗ്രസിലെ തർക്കം മുന്നണിയുടെ ഐക്യത്തെ ബാധിക്കാതെ പരിഹരിക്കാൻ ശ്രമം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. ജോസ് കെ മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും പരസ്യ പ്രതികരണം നടത്തുന്നത് ശരിയല്ല. മുസ്ലിം ലീഗ് ഇരു വിഭാഗവുമായി ചർച്ച നടത്തും. മൂന്ന് ദിവസം കൂടി കാത്തിരിക്കണമെന്നും എംകെ മുനീർ പറഞ്ഞു.

click me!