കോഴിക്കോടിന്റെ മണ്ണില്‍ വര്‍ഗീയ പ്രചാരണങ്ങള്‍ വിലപോവില്ലെന്ന് തെളിയിക്കുന്ന ഫലം: മുസ്‍ലിം ലീഗ്

By Web Team  |  First Published Jun 4, 2024, 4:31 PM IST

തെരഞ്ഞെടുപ്പിന്റെ തലേ ദിവസം വ്യാജമായി സൃഷ്ടിച്ച് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ച 'കാഫിര്‍ പ്രയോഗം' ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിനെ വേട്ടയാടുമെന്ന് ലീഗ്


കോഴിക്കോട്: കോഴിക്കോടിന്‍റെ നന്മ നിറഞ്ഞ മണ്ണില്‍ വര്‍ഗീയ - വ്യാജ പ്രചാരണങ്ങള്‍ വിലപോവില്ലെന്ന് മുസ്‍ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി. നന്മയോടൊപ്പവും സത്യസന്ധമായ രാഷ്ട്രീയത്തിനും ഒപ്പമാണ് കോഴിക്കോട്ടെ പ്രബുദ്ധരായ ജനതയുടെ മനസ്സെന്ന് തെളിയിക്കുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. രാഹുല്‍ ഗാന്ധിയുടേയും എം കെ രാഘവന്റെയും ഷാഫി പറമ്പിലിന്റെയും വിജയം വര്‍ഗീയ കള്ള പ്രചാരണങ്ങള്‍ക്ക് മുകളില്‍ ജനാധിപത്യവും മതേതരത്വവും നേടിയ വിജയമാണെന്ന് ലീഗ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. 

എം കെ രാഘവന്‍ എംപിയെ കോഴിക്കോട്ടെ ജനത മുഴുവന്‍ ഹൃദയത്തിലേറ്റിയെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ തുടര്‍ച്ചയായ നാലാമത്തെ വിജയം. എം കെ രാഘവന്റെ ജനകീയ ഇടപെടലിനുള്ള സാക്ഷിപത്രമാണ് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ലഭിച്ച ഭൂരിപക്ഷം. വര്‍ഗീയ പരാമര്‍ശങ്ങള്‍കൊണ്ടും കള്ള പ്രചാരണങ്ങള്‍ കൊണ്ടും തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന സിപിമ്മിന്‍റെ അഹന്തക്കേറ്റ തിരിച്ചടിയാണ് വടകരയിലെ ജനങ്ങള്‍ നല്‍കിയത്. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം വ്യാജമായി സൃഷ്ടിച്ച് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ച 'കാഫിര്‍ പ്രയോഗം' ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിനെ വേട്ടയാടും. വടകരയിലെ രാഷ്ട്രീയ പ്രബുദ്ധതക്ക് മുകളില്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ബിജെപിയേക്കാളും മുന്നില്‍ നിന്ന സിപിഎം ഇനിയെങ്കിലും അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ എ ഖാദര്‍ മാസ്റ്റര്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി അസീസ് മാസ്റ്റര്‍ എന്നിവര്‍  ആവശ്യപ്പെട്ടു. ഷാഫി പറമ്പിലിന്റെ വലിയ വിജയം മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് ഏറെ ആശാവഹമാണെന്നും കൂട്ടിച്ചേര്‍ത്തു. 

Latest Videos

വയനാട് പാര്‍ലിന്റില്‍ ഉള്‍പ്പെട്ട തിരുവമ്പാടി നിയോജക മണ്ഡലം രാഹുല്‍ ഗാന്ധിക്ക് മികച്ച ഭൂരിപക്ഷമാണ് നല്‍കിയത്. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഭൂരിപക്ഷം നേടാനും വോട്ട് വര്‍ദ്ധിപ്പിക്കാനും സാധിച്ചു. വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ വിജയം ആവര്‍ത്തിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്തും കോര്‍പ്പറേഷനും ഭൂരിപക്ഷം ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും യുഡിഎഫിന് ഭരണം ലഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ് ലിം ലീഗ് തുടക്കം കുറിച്ച് കഴിഞ്ഞെന്ന് ലീഗ് അറിയിച്ചു.

ഒരു ലക്ഷം കടന്ന് ഷാഫിയുടെ ലീഡ്, വടകരയെ ഇളക്കിമറിച്ച് യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!