മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മീഷൻ ഉത്തരവ് പ്രകോപനപരം, നഗ്നമായ ഭരണഘടനാ ലംഘനം :കേരള മുസ് ലിം ജമാഅത്ത്

By Web Team  |  First Published Oct 13, 2024, 3:38 PM IST

നിലവിലുള്ള സംരംഭങ്ങളിൽ എന്തെങ്കിലും കുറവുകളോ പാളിച്ചകളോ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ ആണ് കേന്ദ്രസർക്കാരിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്


മലപ്പുറം: ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയിലും മത സ്വാതന്ത്ര്യത്തിനുമേലുള്ള നഗ്നമായ കടന്നാ ക്രമണമാണ് ദേശീയ ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ മുഴുവൻ മദ്രസകളും അടച്ച് പൂട്ടണമെന്നും ഗ്രാൻ്റുകൾ നൽകരുതെന്നും ഇവിടങ്ങളിൽ പഠിക്കുന്ന മറ്റു സമുദായത്തിൽപ്പെട്ട കുട്ടികളെ ഉടൻ മാറ്റണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ബാലാവകാശ കമ്മീഷൻ  എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കത്തയച്ചിരിക്കുന്നത് ഏറെ ആശങ്കാജനകമാണ്.


കേരളമുൾപ്പെടെയുള്ള ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും തീർത്തും സ്വതന്ത്രമായി സർക്കാറിൻ്റെ യാതൊരുവിധ സാമ്പത്തിക സഹായവുമില്ലാതെയാണ് ആയിരകണക്കിന് മദ്രസകൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്. ഇത് നാടിൻ്റെ സൗഹാർദ്ദത്തിനും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ഏറെ സംഭാവനകൾ നൽകുന്ന മികച്ച വിദ്യാഭ്യാസകേന്ദ്രങ്ങളാണ്.
എന്നാൽ ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നാക്കം നിൽക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും മുസ് ലിം കുട്ടികൾക്ക് അവരുടെ പ്രാഥമിക മത പഠനത്തോടൊപ്പം തന്നെ സ്കൂൾ വിദ്യാഭ്യാസവും നൽകുന്ന സമ്പ്രദായമാണ് പതിറ്റാണ്ടുകളായിട്ടുള്ളത്. സൗഹാർദ്ദ കേന്ദ്രങ്ങളായ ഇവിടങ്ങളിൽ മറ്റു സമുദായക്കാരായ കുട്ടികളും പഠിക്കുന്നു എന്നത് നമ്മുടെ നാടിന്റെ അഭിമാനമാണ്. സച്ചാർ കമ്മീഷൻ പോലും ഇത്തരം സ്ഥാപനങ്ങളെ കൂടുതൽ മെച്ചപ്പെടുത്താനാണ് ശുപാർശ ചെയ്തിട്ടുള്ളതെന്ന വസ്തുത ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതാണ്.

Latest Videos

അതിനാൽ ഇത്തരം സ്ഥാപനങ്ങളെ ബാലാവകാശ കമ്മീഷന്റെ മറവിൽ അടച്ചു പൂട്ടാനുള്ള കേന്ദ്രസർക്കാർ നീക്കം അത്യന്തം പ്രകോപനപരവും രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ അവകാശങ്ങളുടെ പച്ചയായ ലംഘനവുമാണ്. നിലവിലുള്ള സംരംഭങ്ങളിൽ എന്തെങ്കിലും കുറവുകളോ പാളിച്ചകളോ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ ആണ് സബ് കേ സാത് സബ് കെ വികാസ് എന്ന് ഉദ്ഘോഷിക്കുന്ന കേന്ദ്രസർക്കാരിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്. നേരെമറിച്ച് തീർത്തും അന്യായമായ രൂപത്തിൽ എല്ലാ അവകാശങ്ങളെയും ധ്വംസിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങളെ അരക്ഷിതത്വത്തിലാക്കാനും സാമുദായിക ചേരിതിരിവുണ്ടാക്കാനുമുള്ള ഗൂഢ നീക്കത്തിൽ നിന്നും ബാലാവകാശ കമ്മീഷൻ അടിയന്തിരമായി പിൻമാറണം. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യ വിശ്വാസികളും ജാഗ്രത പാലിക്കണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു.

click me!