ആരോഗ്യമന്ത്രി ശ്ലാഘനീയ പ്രവർത്തനം കാഴ്ച വച്ചതായി അറിയില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി പിന്നീട് നടന്നതെല്ലാം പിആർ വർക്കാണെന്ന് ആരോപിച്ചു. സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും മുല്ലപ്പള്ളി.
പാലക്കാട്: ആരോഗ്യ മന്ത്രി കെകെ ശൈലജക്ക് എതിരായ കൊവിഡ് റാണി പരാമർശത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രസ്താവന വലിയ വിവാദമായ സാഹചര്യത്തിലാണ് മുല്ലപ്പള്ളി വിശദീകരണത്തിന് തയ്യാറായത്. പ്രസംഗത്തിൽ നിന്ന് ഒരു ഭാഗം അടർത്തിയെടുത്തതാണെന്നാണ് മുല്ലപ്പള്ളിയുടെ ന്യായീകരണം. സർക്കാരിന്റെ അവകാശവാദത്തിൽ കഴമ്പില്ലെന്ന് പറയാനാണ് ശ്രമിച്ചതെന്നും നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് അവകാശികൾ ഡോക്ടർമാർ അടക്കം ആരോഗ്യ പ്രവര്‍ത്തകരാണെന്ന് പറയാനാണ് ശ്രമിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിശദീകരിക്കുന്നു.
മരിച്ച ലിനിക്ക് മരണാനന്തര ബഹുമതി നൽകാൻ എംപിയെന്ന നിലയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. നിപാ രോഗം വന്ന സമയത്ത് എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകിയിട്ടുണ്ടെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു. പറഞ്ഞ കാര്യങ്ങളെല്ലാം നൂറ് ശതമാനം സത്യമാണ്, ആരെയും അധിക്ഷേപിക്കുന്ന സ്വഭാവക്കാരനല്ല, പ്രത്യേകിച്ച് സ്ത്രീകളെ അപമാനിക്കുന്ന വിധം സംസാരിക്കുന്ന പാരമ്പര്യം ഇല്ലെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു. മോശം പദങ്ങൾ പലപ്പോഴും ഉപയോഗിച്ചിട്ടുള്ളത് മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി ആക്ഷേപിച്ചു.
undefined
ആരോഗ്യമന്ത്രി ശ്ലാഘനീയ പ്രവർത്തനം കാഴ്ച വച്ചതായി അറിയില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി പിന്നീട് നടന്നതെല്ലാം പിആർ വർക്കാണെന്നും ആരോപിച്ചു. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിന് വിജയിക്കാനായില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
നിപാ രാജകുമാരി പട്ടം തട്ടിയെടുത്ത ആരോഗ്യമന്ത്രി ഇപ്പോൾ കോവിഡ് റാണി പട്ടം കൂടി നേടാനുള്ള ശ്രമമാണെന്നായിരുന്നു മന്ത്രിക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം. സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് വിഷയത്തിലുണ്ടായത്. പ്രസ്താവനയ്ക്ക് പിന്നാലെ നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷും, നിപയെ അതിജീവിച്ച നഴ്സിംഗ് വിദ്യാർത്ഥിനി അജന്യയും മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു.