ആശുപത്രി വികസനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ഫണ്ട് നിരസിച്ച് മുക്കം നഗരസഭ: പ്രതിഷേധവുമായി കോണ്‍ഗ്രസ്

By Web Team  |  First Published Jun 20, 2022, 11:22 AM IST

ആശുപത്രി വികസനത്തിലൂടെ രാഹുൽ ഗാന്ധിക്ക് കിട്ടുന്ന കൈയടിയും സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിക്കുണ്ടാവുന്ന കോട്ടവും തടയുകയാണ് നഗരസഭയുടെ ഉദ്ദേശമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 


മുക്കം: ആശുപത്രി വികസനത്തിനായി രാഹുല്‍ ഗാന്ധി അനുവദിച്ച 40 ലക്ഷം രൂപ മുക്കം നഗരസഭ വേണ്ടെന്നു വച്ചതിനെച്ചൊല്ലി വിവാദം. സിപിഎം ഭരിക്കുന്ന നഗരസഭ രാഷ്ട്രീയ താല്‍പര്യം വച്ചാണ് എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച തുക വേണ്ടെന്ന് വച്ചതെന്ന് യുഡിഎഫ് ആരോപിക്കുന്നു. എന്നാല്‍ പണം ഈ വര്‍ഷം തന്നെ ചെലവിടണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലാത്തതിനാലാണ് ഫണ്ട് വേണ്ടെന്ന് വച്ചതെന്ന് നഗരസഭയും വിശദീകരിക്കുന്നു.

മലയോര മേഖലയിലെ ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വേണമെന്നത് ഏറെ കാലമായുളള ആവശ്യമാണ്. തന്‍റെ മണ്ഡലത്തില്‍ നിന്നുയരുന്ന ഈ ആവശ്യം കണക്കിലെടുത്താണ് രാഹുല്‍ ഗാന്ധി എംപി 40 ലക്ഷം രൂപ ആശുപത്രി വികസനത്തിനായി അനുവദിച്ചത്. എന്നാല്‍ ഈ തുക വേണ്ടെന്ന് രേഖാമൂലം അറിയിച്ചിരിക്കുകയാണ് മുക്കം നഗരസഭ. 

Latest Videos

ഇതിലേക്ക് നയിച്ച കാരണത്തെച്ചൊല്ലിയാണ് വിവാദം.പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി അനുവദിക്കുന്ന തുക കൊണ്ട് ആശുപത്രി വികസനം നടത്തിയാല്‍ അതിന്‍റെ രാഷ്ട്രീയ നേട്ടം കോണ്‍ഗ്രസിന് കിട്ടുമെന്നത് മാത്രമല്ല തൊട്ടടുത്ത് പാര്‍ട്ടി നിയന്ത്രണത്തിലുളള എംഎഎസ് സഹകരണ ആശുപത്രിക്കത് കോട്ടമാകുമെന്ന് കൂടി കണക്കിലെടുത്താണ് സിപിഎം ആശുപത്രി വികസനത്തെ എതിര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

എന്നാല്‍ മുക്കം നഗരസഭ ചെയര്‍മാന്‍ പിടി ബാബു ഈ ആരോപണത്തെ പൂര്‍ണമായി തളളുകയാണ്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്‍റെ സമഗ്ര വികസനത്തിനുളള മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധി അനുവദിച്ച തുക കൂടി ഇതിനായി ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അനുവദിച്ച 40 ലക്ഷം ഈ വര്‍ഷം തന്നെ ചെലവിടണമെന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ് തുക വേണ്ടെന്ന് അറിയിച്ചത്.

മുക്കം നഗരസഭ സെക്രട്ടറിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ ഫണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടർ രാഹുൽഗാന്ധിയുടെ ഓഫീസിന് കത്ത് നൽകിയിരിക്കുകയാണ്.

click me!