എഴുത്തിന്റെ 'പെരുന്തച്ചന്' വിട; എം.ടി വാസുദേവൻ നായർ അന്തരിച്ചു

By Web Team  |  First Published Dec 25, 2024, 10:05 PM IST

പതിനൊന്ന് ദിവസമായി കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്


കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ 'സുകൃത'മായി നിറഞ്ഞ അതുല്യ വ്യക്തിത്വമാണ് മലയാളത്തോട് വിടപറയുന്നത്. കൈവെച്ച മേഖലകളിൽ എല്ലാം 'ഉയരങ്ങളിൽ' എത്തിയ പ്രതിഭാശാലിയായിരുന്നു എം.ടി. മലയാള ഭാഷയ്ക്ക് 'രണ്ടാമൂഴം' നൽകിയ എഴുത്തിന്റെ 'ഓളവും തീരവും' ഇനി എന്നേക്കും അക്ഷരലോകത്ത് ഓർമ്മയായി നിലകൊള്ളും.

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുകയായിരുന്നു. 91 വയസായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

Latest Videos

undefined

നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 

ജ്ഞാനപീഠം ജേതാവായ എംടിയെ 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജെ.സി. ദാനിയേൽ പുരസ്കാരം,  എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയിരുന്നു. മികച്ച തിരക്കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ നേടിയ അദ്ദേഹം മികച്ച സംവിധായകന് മൂന്ന് വട്ടം സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 11 തവണ മികച്ച തിരക്കഥയ്ക്കും സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.

ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയിരുന്നു. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തിന് രൂപം നൽകുകയും ചെയ്തു. ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കൾ: സിതാര, അശ്വതി.

click me!