ക്രമസമാധാന ചുമതലയുള്ള എഡിജിപി: എം.ആര്‍ അജിത്ത് കുമാര്‍ സുപ്രധാന പദവിയിൽ തിരിച്ചെത്തി

By Web Team  |  First Published Oct 19, 2022, 7:02 PM IST

വിജിലൻസ് ഡയറക്ടറായിരുന്ന അജിത്ത് കുമാറിനെ സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് മാറ്റിയത്. 


തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ച് ഉത്തരവിറങ്ങി. നിലവിലെ ഈ പദവി വഹിക്കുന്ന വിജയ് സാക്കറേ കേന്ദ്രസര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുന്ന സാഹചര്യത്തിലാണ് എം.ആര്‍ അജിത്ത് കുമാറിനെ മാറ്റി നിയമിക്കുന്നത്. 

നേരത്തെ വിജിലൻസ് ഡയറക്ടറായിരുന്ന അജിത്ത് കുമാറിനെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ആ പദവിയിൽ നിന്നും മാറ്റിയത്. ആദ്യം മനുഷ്യാവകാശ കമ്മീഷനിൽ നിയമിച്ച അദ്ദേഹത്തെ പിന്നീട് ബറ്റാലിയൻ എഡിജിപിയായി മാറ്റി നിയമിച്ചിരുന്നു. ബറ്റാലിയൻ എഡിജിപി പദവിയോടൊപ്പമായിരിക്കും പൊലീസ് ആസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ചുമതലയും കൂടി അദ്ദേഹം കൈകാര്യം ചെയ്യുക. 

Latest Videos

സംസ്ഥാനത്തെ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്. ക്രമസമാധാനചുമതലയുള്ള എഡിജിപി വിജയ് സാക്കറെയും ഐജി അശോക് യാദവുമാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്. വിജയ സാക്കറെക്ക് ദേശീയ അന്വേഷണ ഏജൻസിയിലേക്കാണ് നിയമനം.  അഞ്ചു വർഷത്തേക്കാണ് അദ്ദേഹത്തിന് എൻഐഎയിൽ നിയമനം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ  വിജയ് സാക്കറെയെ സംസ്ഥാന സർവ്വീസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇൻറലിലൻസ് ഐജി അശോക് യാദവിന് ബി.എസ്.എഫിലേക്കാണ് ഡെപ്യൂട്ടേഷനിൽ  നിയമനം ലഭിച്ചിരിക്കുന്നത്. 

click me!