വേഗത കുറക്കും മുമ്പ് കെഎസ്ആര്‍ടിസി സൂചന ലൈറ്റ് ഇട്ടില്ല. യാത്രക്കാരനെ ഇറക്കുമ്പോൾ ബസ് ഇടതുവശത്തേക്ക് ഒതുക്കി നിർത്തിയതുമില്ല. വളവുകളിൽ വണ്ടി നിർത്തരുതെന്ന നിയമവും കെഎസ്ആര്‍ടിസി ലംഘിച്ചു.
പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിന് ടൂറിസ്റ്റ് ബസിൻ്റെ അമിത വേഗതക്കൊപ്പം കെഎസ്ആര്‍ടിസിയുടെ പിഴവും കാരണമായെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ റിപ്പോർട്ട്. അപകടത്തിന് തൊട്ടുമുമ്പ് കെഎസ്ആര്‍ടിസി വേഗത കുറച്ച് യാത്രക്കാരനെ ഇറക്കിയതായി കണ്ടെത്തൽ. മോട്ടോർ വാഹന വകുപ്പിൻ്റെ അന്തിമ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ടൂറിസ്റ്റ് ബസിൻ്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും തന്നെയാണ് വടക്കഞ്ചേരി അപകടത്തിൻ്റെ പ്രധാന കാരണമായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
തൊട്ടുമുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം ടൂറിസ്റ്റ് ബസ് പാലിക്കാത്തതും അപകടത്തിന് കാരണമായി. അതേസമയം പന്നിയങ്കര ടോൾ പ്ലാസയിൽ നിന്ന് ടൂറിസ്റ്റ് ബസിനേക്കാൾ മൂന്ന് മിനിറ്റ് മുമ്പേ കെഎസ്ആര്‍ടിസി ബസ് കടന്നുപോയിട്ടുണ്ട്. അതായത് ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും ഏറെ അകലത്തിലാണ് ഓടിക്കൊണ്ടിരുന്നത്. എന്നാൽ അപകടം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് കെഎസ്ആര്‍ടിസി വേഗത കുറച്ച് യാത്രക്കാരനെ ഇറക്കിവിട്ട ശേഷം മുന്നോട്ടെടുക്കുമ്പോൾ കെഎസ്ആര്‍ടിസിയുടെ വേഗത 10 കിലോമീറ്ററിൽ താഴെ മാത്രമായിരുന്നു. ഈ സമയം 97.72 കിലോമീറ്റർ വേഗതയിൽ എത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിയുടെ പിറകിൽ ഇടിക്കുകയായിരുന്നു.
വേഗത കുറക്കും മുമ്പ് കെഎസ്ആര്‍ടിസി സൂചന ലൈറ്റ് ഇട്ടില്ല. യാത്രക്കാരനെ ഇറക്കുമ്പോൾ ബസ് ഇടതുവശത്തേക്ക് ഒതുക്കി നിർത്തിയതുമില്ല. വളവുകളിൽ വണ്ടി നിർത്തരുതെന്ന നിയമവും കെഎസ്ആര്‍ടിസി ലംഘിച്ചു. അതായത് ടൂറിസ്റ്റ് ബസിൻ്റെ അമിത വേഗതക്കൊപ്പം കെഎസ്ആര്‍ടിസി മുന്നറിയിപ്പില്ലാതെ വേഗത കുറച്ചതും അപകടത്തിന് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. വാളയാർ - വടക്കഞ്ചേരി ദേശീയപാതയിൽ ഉടനീളമുള്ള നിർമ്മാണത്തിലെ ന്യൂനതകളും അപകടത്തിൻ്റെ തീവ്രത കൂട്ടി. റോഡിൻ്റെ അരിക് കൃത്യമായി രേഖപ്പെടുത്തുകയോ റിഫ്ലെക്ടര്‍ സ്റ്റഡ് പതിക്കുകയോ ചെയ്തിട്ടില്ല. അപകടമുണ്ടായ സ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. തെരുവിളക്കുകളുമില്ല. റോഡിൻ്റെ ഒരു വശത്ത് കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിൽ തട്ടിയാണ് ടൂറിസ്റ്റ് ബസ് ഒരു വശത്തേക്ക് ചെരിഞ്ഞ് വീണതെന്നും റിപ്പോർട്ടിൽ പറയുന്നു. 48 പേജുള്ള റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറി.