ഒരു ലക്ഷം കടന്ന് ഷാഫിയുടെ ലീഡ്, വടകരയെ ഇളക്കിമറിച്ച് യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനം

By Web Team  |  First Published Jun 4, 2024, 3:28 PM IST

കെ കെ ശൈലജയും ഷാഫി പറമ്പിലും കളംനിറഞ്ഞതോടെ ഫലം പ്രവചനാതീതം എന്നായിരുന്നു വോട്ടെണ്ണും വരെയുള്ള വിലയിരുത്തൽ. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ ഷാഫിയുടെ ലീഡ് ഒരു ലക്ഷം കടന്നു


കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ആരോപണ പ്രത്യാരോപണങ്ങളും വിവാദങ്ങളുമൊക്കെയായി വാർത്തകളിൽ നിറഞ്ഞ മണ്ഡലമാണ് വടകര. എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയും യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും കളംനിറഞ്ഞതോടെ ഫലം പ്രവചനാതീതം എന്നായിരുന്നു വോട്ടെണ്ണും വരെയുള്ള വിലയിരുത്തൽ. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ ഉച്ചയ്ക്ക് രണ്ട് മണിയിലെ കണക്ക് പ്രകാരം ഷാഫിയുടെ ലീഡ് ഒരു ലക്ഷം കടന്നു. ഇതോടെ വടകരയെ ഇളക്കിമറിച്ച് യുഡിഎഫ് ആഹ്ലാദപ്രകടനം തുടങ്ങി.  

വടകരയിൽ വർഗ്ഗീയത പടർത്തിയവർക്ക് രാഷ്ട്രീയം പറഞ്ഞു വോട്ടർമാർ മറുപടി നൽകിയെന്നാണ് ഷാഫി പറമ്പിലിന്‍റെ പ്രതികരണം. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ പ്രചാരണം മലീമസമാകില്ലായിരുന്നു. 'കാഫിർ' പ്രായോഗക്കാരെ കടലിൽ തള്ളിയെന്നും പിണറായി വിജയൻ സർക്കാരിനെതിരായ വിധി എഴുത്താണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ജയിച്ചു വരാൻ പറഞ്ഞാണ് പാലക്കാട്ടുകാർ തന്നെ വടകരയിലേക്ക് അയച്ചത്. പാലക്കാട്ടുകാരുമായുള്ള ബന്ധം അറുത്തുമുറിച്ച് മാറ്റാനാകില്ല. അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ഉചിതമായ തീരുമാനം യുഡിഎഫും കോൺഗ്രസും കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടണ്ണലിനിടെ മാധ്യമങ്ങളെ കണ്ട  കെ കെ ശൈലജ, കേരളത്തിൽ യുഡിഎഫ് അനുകൂല ട്രെൻഡാണെന്ന് പറഞ്ഞു. നവമാധ്യമ പ്രചാരണം ഫലത്തെ സ്വാധീനിച്ചതായും പ്രതികരിച്ചു. ട്രെൻഡ് എന്ന നിലയിൽ 2019ലെ സമാന സാഹചര്യമാണ് കേരളത്തിൽ കാണുന്നതെന്നും ശൈലജ ടീച്ചർ പ്രതികരിച്ചു. 

Latest Videos

അക്രമ രാഷ്ട്രീയവും സൈബർ ആക്രമണവുമെല്ലാം ചർച്ചയായ വടകരയിൽ പലപ്പോഴും പ്രചാരണം പരിധി വിട്ടു. കാഫിർ പ്രയോഗമുള്ള വാട്സ്ആപ്പ് സന്ദേശം ആരിറക്കിയെന്ന് സംബന്ധിച്ച് വോട്ടെടുപ്പ് കഴിഞ്ഞിട്ടും കേസും അന്വേഷണവുമെല്ലാം തുടരുകയാണ്. കെ കെ ശൈലജയും എൽഡിഎഫ് പ്രവർത്തകരും ഉന്നയിച്ച മോർഫിംഗ് വിവാദം, മോർഫ് ചെയ്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന ശൈലജയുടെ പ്രതികരണത്തോടെ മറ്റൊരു തലത്തിലെത്തി. 

കണ്ണൂര്‍ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും അടങ്ങുന്നതാണ് വടകര ലോക്‌സഭാ മണ്ഡലം. കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് എന്നീ നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങളും വടകര ലോക്സഭാ മണ്ഡലത്തിലുണ്ട്. 

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ പരാജയപ്പെടുത്തി 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2014 -ല്‍ ഇടതു സ്ഥാനാര്‍ത്ഥി അഡ്വ. എന്‍ ഷംസീറിനെ പരാജയപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രന്‍ 416,479 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 2009- ലും യുഡിഎഫിന് വേണ്ടി കോൺഗ്രസ് സ്ഥാനാർത്ഥി മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെയാണ് വടകരയിൽ മത്സരിച്ച് ജയിച്ചത്. അന്ന് എൽഡിഎഫിനായി  സിപിഎം നേതാവ് പി സതീദേവി മത്സരിച്ചെങ്കിലും 56186 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.

'ബാഗ് പായ്ക്ക് ചെയ്ത് സ്ഥലം വിട്ടോ'; മണ്ഡിയിലെ മുന്നേറ്റത്തിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയോട് കങ്കണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!